corolla

1993ലെ ടൊയോട്ട കൊറോള രണ്ട് ദശലക്ഷം കിലോമീറ്റർ പിന്നിട്ട് പുതിയ റെക്കോഡ് സൃഷ്ടിച്ചു. ന്യൂസിലൻഡിലെ ഗ്രെയിം ഹെബ്ലി എന്ന 72കാരന്റെ കാറാണ് റെക്കോഡ് ദൂരം പിന്നിട്ടിരിക്കുന്നത്. 1993ൽ വാങ്ങിയ കാർ രണ്ട് ദശലക്ഷത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് ഇപ്പോഴും കാര്യക്ഷമായി പ്രവർത്തിക്കുന്നുവെന്നാണ് ഗ്രെയിം ഹെബ്ലി പറയുന്നത്. കൊറോളയ്ക്ക് ഓഡോമീറ്ററിൽ 80,000 കിലോമീറ്റർ മാത്രമുണ്ടായിരുന്നപ്പോഴാണ് അദ്ദേഹം ഈ വാഹനം വാങ്ങുന്നത്. ഇപ്പോൾ അത് 20ലക്ഷം കിലോമീറ്റർ പിന്നിട്ടിരിക്കുന്നു.

1968 മുതൽ തുടരുന്ന ന്യൂസ് പേപ്പർ ഡെലിവറി ജോലിയിലൂടെയാണ് തന്റെ വാഹനത്തിന്റെ മൈലേജ് വർദ്ധിപ്പിച്ചതെന്ന് ഗ്രെയിം ഹെബ്ലി പറയുന്നു. ഇതിന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സർവീസ് ചെയ്യാറുണ്ട്. ഇപ്പോഴും കൊറോളയിൽ അതിന്റെ പഴയ എഞ്ചിനും ട്രാൻസ്മിഷനും തന്നെയാണ് ഉള്ളത്.

ഗ്രെയിം ഹെബ്ലി വെല്ലിംഗ്ടണിൽ നിന്ന് രാജ്യത്തിന്റെ നോർത്ത് ഐലൻഡിലെ ന്യൂ പ്ലിമൗത്തിലേക്ക് ഡ്രൈവ് ചെയ്യുകയും ആഴ്ചയിൽ ആറ് ദിവസവും ജോലിക്കായി പോകുകയും ചെയ്യുന്നു. ഇങ്ങനെ ഒരു തവണ പോകാൻ 45 മിനിട്ട് നേരമാണ് വേണ്ടിവരുന്നത്. അങ്ങനെ ആഴ്ചയിൽ ഏകദേശം 5000 കിലോമീറ്റർ കാ‌ർ സഞ്ചരിക്കുന്നു. ഈ രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയിൽ ആകെ കാറിന്റെ കാംബെൽറ്റിനും വീൽ ബെയറിംഗുകൾക്കും മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. തനിക്ക് ഉടനെയൊന്നും ഡ്രെെവിംഗ് നിർത്താൻ പദ്ധതിയില്ലെന്നും ഇനിയും യാത്ര തുടരുമെന്നുമാണ് ഗ്രെയിം ഹെബ്ലി പറയുന്നത്.