
വെരിക്കോസ് ഞരമ്പുകൾ കാരണമുള്ള അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കാൻ മികച്ച വ്യായാമമാണ് നടത്തം. കാലുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് വളരെ സഹായിക്കും. കുറഞ്ഞ അളവിൽ ഉപ്പു ചേർത്തുള്ള ആഹാരം ശീലമാക്കിയാൽ കാലുകളിലെ നീർവീക്കം ഒഴിവാക്കാം. ഒപ്പം ശരീരഭാരം കുറച്ച് കാലുകളിൽ ഉണ്ടാകുന്ന അമിതസമ്മർദ്ദം ഒഴിവാക്കാനും സാധിക്കും.
കാൽ ഞരമ്പുകളുടേയും, കണങ്കാലിലേയും മസിലുകൾ സുരക്ഷിതമാക്കാനായി ചെറിയ ഹീലുകളുള്ള പാദരക്ഷകൾ ധരിക്കുക. ഇത് വെരിക്കോസ് ഞരമ്പുകൾ ഉണ്ടാവാതിരിക്കാൻ സഹായകമാകും. അരക്കെട്ട്, കീഴ്വയർ, കാലുകൾ എന്നീ ശരീരഭാഗങ്ങൾക്കുമേൽ ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ മലർന്നു കിടന്ന് കാലുകൾ നെഞ്ചിനു മുകളിൽ ഉയർത്തി ചെയ്യാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതും നന്ന്. ഏറെനേരം നിൽക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കി, ഇടയ്ക്കിടെ നടക്കുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാം.