
ബംഗളൂരു: അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴൽക്കിണറിൽ തള്ളി മകൻ. കർണാടകയിലെ ബഗൽകോട്ടിലാണ് സംഭവം. സംഭവത്തിൽ വിതല കുലാലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ നിരന്തരം മദ്യപിച്ച് വന്ന് തന്നെ അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കൊല നടത്തിയതെന്ന് വിതല പൊലീസിനോട് പറഞ്ഞു.
കൊലയ്ക്ക് ശേഷം ഉപേക്ഷിച്ച ശരീരഭാഗങ്ങൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊലീസ് കണ്ടെടുത്തു. ഡിസംബർ ആറിനാണ് 20കാരനായ വിതല ഇരുമ്പ് വടി ഉപയോഗിച്ച് തന്റെ അച്ഛനായ പരശുറാം കുലാലിയെ (53) കൊലപ്പെടുത്തിയത്.
പരശുറാമിന്റെ രണ്ടാമത്തെ മകനാണ് വിതല. പരശുറാം ഭാര്യയും മൂത്തമകനുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇയാൾ എന്നും മദ്യപിച്ച് വന്ന് ഒപ്പം താമസിക്കുന്ന വിതലയോട് അസഭ്യം പറയുമായിരുന്നു.കൊലപാതകം നടന്ന ദിവസം അച്ഛന്റെ അസഭ്യ വാക്കുകൾ സഹിക്കാതെ വന്നതോടെ വിതല ഒരു ഇരുമ്പ് വടിയെടുത്ത് തലയ്ക്ക് അടിച്ചു. ശേഷം ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കി തങ്ങളുടെ കൃഷിയിടത്തിലെ കുഴൽക്കിണറിൽ തള്ളുകയായിരുന്നു.