ktu

ന്യൂഡൽഹി: സാങ്കേതിക സർ‌വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ ഡ‌ോ.രാജശ്രീ എം.എസ് നൽകിയ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള‌ളി. എന്നാൽ നിയമനം റദ്ദാക്കിയ വിധിയിൽ രാജശ്രീയ്‌ക്ക് ഇതുവരെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജി തള‌ളിയ ഉത്തരവിൽ ജസ്‌റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് അറിയിച്ചു. വി.സിയുടെ പെൻഷന് രാജശ്രീയ്‌ക്ക് അർഹതയുണ്ടാകില്ല. സാങ്കേതിക സർ‌വകലാശാല വൈസ് ചാൻസലറെ കണ്ടെത്താനുള‌ള സർച്ച് കമ്മറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടംഅനുസരിച്ച് ആവശ്യമില്ലെന്നും ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

വിധിയ്‌ക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന ഡോ.രാജശ്രീയുടെ ആവശ്യവും കോടതി തള‌ളി. വി.സി നിയമനത്തിനുള‌ള സെലക്ഷൻ കമ്മിറ്റിയിൽ തെറ്റായ നടപടിയുണ്ടായെങ്കിൽ അതിന് താൻ ഇരയായതാണെന്നാണ് ഹർജിയിൽ ഡോ.രാജശ്രീ ചൂണ്ടിക്കാട്ടിയത്. നിയമനം റദ്ദാക്കിയ വിധി വന്നതോടെ താൻ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിന്റെ മുന്നിലും അപമാനിതയായെന്നായിരുന്നു ഹർജിയിൽ ഡോ.രാജശ്രീ പറഞ്ഞിരുന്നത്. അതേസമയം വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇതുവരെ ലിസ്‌റ്റ് ചെയ്‌തിട്ടില്ല.