
ദോഹ: ഖത്തർ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഫൈനലിലേയ്ക്ക് ആദ്യമെത്തുന്ന ടീമിനായുള്ള കാത്തിരിപ്പിന് ഇന്ന് അവസാനമാകും. ഗോളികൾ ഗതി നിർണയിച്ച മത്സരങ്ങളിൽ ആവേശം ആദ്യാവസാനം വാരി നിറച്ചാണ് മെസിയുടെ നായകത്വത്തിൽ അർജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ലോകകപ്പ് സെമി പോരാട്ടത്തിന് യോഗ്യത നേടിയത്.
കൈയകലെ നഷ്ടമായ ലോകകപ്പ് നേടുക എന്നത് തന്നെയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. അതിനാൽ തന്നെ ഇന്നത്തെ മത്സരം അർജന്റീനയ്ക്കും ക്രൊയേഷ്യയ്ക്കും ജീവന്മരണ പോരാട്ടമാണ്. രണ്ട് ടീമുകളുടെയും നായകന്മാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇന്ന് അരങ്ങേറുന്നത്. നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കം സൂപ്പർ താരങ്ങൾക്ക് അടവുപിഴച്ച ഖത്തർ ലോകകപ്പിൽ സെമിയിൽ വിജയം ആരുടെ പക്ഷത്തായിരിക്കും എന്നതറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ ലോകകപ്പ് വിജയികളെക്കുറിച്ച് തന്റെ പ്രവചനമറിയിച്ചിരിക്കുകയാണ് മുൻ ബ്രസീൽ സൂപ്പർ താരമായ റൊണാൾഡോ.
റൊണാൾഡോയുടെ അഭിപ്രായത്തിൽ അർജന്റീനയ്ക്കല്ല ലോകകപ്പുയർത്താൻ കൂടുതൽ സാദ്ധ്യതയുള്ലത്. 'കിലിയൻ എംബാപ്പേ' എന്ന യുവ ഗോൾ മെഷീന്റെ ബലത്തിൽ ഫ്രാൻസ് ലോകകപ്പ് നിലനിർത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. എംബാപ്പേയുടെ വേഗത എടുത്ത് പറഞ്ഞായിരുന്നു ഫ്രാൻസിന്റെ ലോകകപ്പ് സാദ്ധ്യതകളെക്കുറിച്ച് റൊണാൾഡോ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

മറ്റു താരങ്ങളേക്കാൾ വേഗത്തിലോടി മൈതാനം നിറയുന്ന എംബാപ്പേ അസിസ്റ്റ് നൽകുന്നതിലും മിടുക്കനാണെന്നും പ്രതാപ കാലത്തെ എന്നെ തന്നെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഫ്രഞ്ച് യുവതാരത്തിന്റെ പ്രകടനമെന്നും റൊണാൾഡോ പറഞ്ഞു. എംബാപ്പേയുടെ മിടുക്കിൽ ഫ്രാൻസ് ലോകകപ്പ് ഉയർത്തുന്നത് കൂടാതെ താരം ഗോൾഡൻ ബാളിന് അർഹനാകുമെന്നാണ് റൊണാൾഡോയുടെ പ്രവചനം. നാളെ നടക്കുന്ന ലോകകപ്പിലെ രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ആഫ്രിക്കൻ കരുത്തായ മൊറോക്കയെ നേരിടാനിരിക്കെയാണ് വിഖ്യാത താരത്തിന്റ പ്രവചനം പുറത്ത് വന്നിരിക്കുന്നത്.