
ദോഹ: ഫ്രാൻസിനെതിരായ സെമി പോരാട്ടം നേരിട്ടു കാണുന്നതിനും ഗാലറിയിൽ ആവേശത്തിര ഉയർത്തി കളിക്കാരെ പ്രചോദിപ്പിക്കാനും മൊറോക്കോ ആരാധകർക്കായി കാസാബ്ലാങ്കയിൽ നിന്ന് നിശ്ചയിച്ചിരുന്ന പ്രത്യേക വിമാനസവീസുകൾ ഖത്തർ അധികൃതരുടെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അവസാന നിമിഷം റോയൽ എയർ മൊറോക്കോ റദ്ദാക്കി. ഫാൻസിനായി വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ കാസബ്ലാങ്കയിൽ നിന്ന് ദോഹയിലേക്ക് 30 പ്രൊമോഷണൽ ഫ്ലൈറ്രുകൾ സെമിക്കു മുൻപായി സർവീസ് നടത്തുമെന്നായിരുന്നു റോയൽ എയർ മൊറോക്കോ അറിയിച്ചിരുന്നത്. എന്നാൽ സർവീസുകൾക്ക് അനുമതി നൽകാനാകില്ലന്ന് ഖത്തർ അധികൃതർ ഇന്നലെ അറിയിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തേ വിമാന ടിക്കറ്രും ഹോട്ടലുകളും ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് റോയൽ എയർ മൊറോക്കോ അറിയിച്ചു. പോർച്ചുഗലിനെതിരായ മൊറോക്കോയുടെ ക്വാർട്ടർ മത്സരം കാണാൻ ഫാൻസിനായി 7 അഡീഷണൽ വിമാനങ്ങളാണ് സർവീസ് നടത്തിയത്. മൊറോക്കോ ഫുട്ബാൾ അസോസിയേഷൻ 13000 സെമി ടിക്കറ്രുകളാണ് ആരാധകർക്ക് സൗജന്യമായി നൽകുന്നത്. എന്നാൽ ഫ്ലൈറ്റ് മുടങ്ങിയത് ഗാലറിയിൽ മൊറോക്കയുടെ പ്രാതിനിധ്യം കുറച്ചു.
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന പെരുമ സ്വന്തമാക്കിയ കറുത്ത കുതിരകളായ മൊറോക്കോയുടെ ഇുവരെയുള്ള എല്ലാമത്സരങ്ങളിലും കാണികൾക്കായി അവരുടെ ഫുട്ബാൾ അസോസിയേഷൻ സൗജന്യ ടിക്കറ്രുകൾ നൽകിയിരുന്നു. ഇങ്ങനെ ഗാലറി നിറച്ച ആരാധകർ പകർന്നു നൽകിയ ആവേശത്തിനും മൊറോക്കോയുടെ സ്വപ്നക്കുതിപ്പിൽ നിർണായക പങ്കുണ്ട്.