
ദോഹ: ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്നാരംഭിക്കെ അഭിമാന വിജയം നേടി ഫൈനലിലെത്തുന്നതിനുളള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അർജന്റീനയും ക്രൊയേഷ്യയും. ബ്രസീൽ സൂപ്പർ താരം നെയ്‌മറെ കരയിച്ച ക്രൊയേഷ്യ ഇന്ന് മെസിയെ പൂട്ടുമോ എന്ന ഭയം ആരാധകർക്കുണ്ട്. എന്നാൽ മെസിയെന്നല്ല ഒരു താരത്തെയും പ്രത്യേകം മാർക്കുചെയ്യുന്നില്ല തങ്ങളെന്ന് ക്രൊയേഷ്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ മെസിയ്‌ക്കും അർജന്റീനയ്‌ക്കും കടുത്ത പരീക്ഷയൊരുക്കാൻ തന്നെയാണ് ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ പടയുടെ ശ്രമമെന്ന് വ്യക്തം. സെമി ജയത്തോടെ തുടർച്ചയായി രണ്ടാം ഫൈനലിൽ മുന്നേറി കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട ലോക കിരീടം പിടിച്ചെടുക്കാൻ തന്നെയാണ് അവരുടെ ശ്രമം.
ലോകോത്തര താരങ്ങൾ അർജന്റീനയ്‌ക്ക് മെസിയല്ലാതെ ആരുമില്ല. എന്നാൽ അവരുടെ ചില യുവനിര താരങ്ങളുടെ കളി തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്കോ ഡാവിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം എട്ട് വർഷം മുൻപ് ജർമ്മനിയ്‌ക്ക് മുന്നിൽ കൈവിട്ട ലോകകിരീടം തിരികെപിടിച്ച് രാജ്യത്തിനും ആരാധകർക്കും സമ്മാനിക്കാൻ മെസിയ്‌ക്ക് ലഭിച്ച അവസാന അവസരമാണ് ഈ ലോകകപ്പ്. ആദ്യ മത്സരത്തിൽ സൗദിയോട് ഞെട്ടിക്കുന്ന തോൽവിയേറ്റ് വാങ്ങിയെങ്കിലും തുടർന്നിങ്ങോട്ട് പരമ്പരയിൽ ആ തളർച്ചയെ മാറ്റി ശക്തിവർദ്ധിക്കുന്ന അർജന്റീനയെയാണ് നാം കണ്ടത്.
മെസിയുടെ നേതൃമികവും ക്രോസ് ബാറിന് കീഴിൽ തീപ്പൊരി ഗോളി എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യവും അർജന്റീനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പ്രതിരോധത്തിൽ ലീസാൻഡ്രോ മാർട്ടിനസും മോളിനയും ക്രിസ്റ്റ്യൻ റൊമേറോയുമെല്ലാം നല്ല പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. മക്അലിസ്റ്ററും ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും അർദ്ധാവസരങ്ങൾ പോലും ഗോളാക്കാൻ മിടുക്കരാണ്. ഹോളണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർണായക കിക്ക് ഗോളാക്കിയ ലൗട്ടാരോ മാർട്ടിനസ് ആത്മവിശ്വാസം വീണ്ടെടുത്തുവെന്നാണ് വിലയിരുത്തൽ.മദ്ധ്യനിരയിലെ റോഡ്രിഗോ ഡി പോളിന് പരുക്കുണ്ടെങ്കിലും അദ്ദേഹം ഇന്ന് കളിക്കുമെന്നാണ് വിവരം.
ഇരുടീമുകളും അഞ്ചുവട്ടമാണ് ഏറ്റുമുട്ടിയത്. രണ്ടുവട്ടം വീതം വിജയം ഇരുടീമുകളെയും തുണച്ചു. ഒരിക്കൽ സമനിലയായി. 2018ൽ ക്രൊയേഷ്യയുടെ വിജയം 3-0ന് ആധികാരികമായായിരുന്നു.