mv-govindan

തിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ മേഖലയെ പരിപൂർണമായി കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായ നീക്കങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനെതിരെ വഴങ്ങാതെ ശക്തമായ താക്കീതാണ് സംസ്ഥാനത്തിലെ സിപിഎം നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ജനാധിപത്യ സമരത്തെ സർക്കാർ എതിർത്തിരുന്നില്ലെന്നും, കലാപം അഴിച്ച് വിടാനുള്ള ശ്രമത്തെയാണ് എതിർത്തതെന്നും സിപിഎം നേതാവ് പറഞ്ഞു.

കോൺഗ്രസ് പാർട്ടി സംസ്ഥാനത്തിലെ വികസന പ്രക്രിയയ്ക്ക് തടസ്സം നിൽക്കുന്നതായും വിഴിഞ്ഞം പുനരധിവാസം പൂർത്തീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിലടക്കം ലീഗ് സ്വീകരിച്ച മതനിരപേക്ഷ നിലപാടാണ് സ്വാഗതം ചെയ്തതെന്നും അല്ലാതെ മുസ്ലീം ലീഗിനെ എൽഡിഎഫിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയ നേട്ടമോ തെരഞ്ഞെടുപ്പോ മുന്നിൽക്കണ്ടുള്ലതായിരുന്നില്ല. വലതു പക്ഷ നിലപാട് തിരുത്തി വരുന്നവരെ സ്വാഗതം ചെയ്യുമെന്നും ആർക്കു മുന്നിലും ഇടതു മുന്നണിയുടെ വാതിൽ അടച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേ സമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ലീഗ് വർഗീയ പാർട്ടിയാണെന്ന് ഗോവിന്ദൻ പറഞ്ഞാലും പ്രശ്നമില്ലെന്നും എന്നാൽ വിശ്വാസ പ്രമാണങ്ങൾ അടിയറ വയ്ക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ നഷ്ടമായതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതയ്ക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും എം വി ഗോവിന്ദൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.