
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്‌ത്സെയ്‌ക്ക് സമീപം സൈനിക ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെ അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം. പ്രദേശത്ത് ചൈന കൂടുതൽ ഹെലികോപ്‌ടറുകൾ എത്തിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യ നിരീക്ഷണം വർദ്ധിപ്പിക്കുന്നത്. ചൈനയുമായി സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം ഇന്ത്യ മുന്നോട്ടുവച്ചിരിക്കുകയാണ്.
അരുണാചൽ മേഖലയിലും ദെപ്‌സാംഗിലും ചൈനീസ് സേനയുടെ സാന്നിദ്ധ്യം കൂടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റേതായി പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന അറിയിച്ചു. എന്നാൽ സംഘർഷമുണ്ടായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലെന്നും പ്രതിഷേധം നയതന്ത്രതലത്തിൽ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞു. ചൈനയുടെ അതിക്രമത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സൈനിക മേധാവികൾ, നയതന്ത്രജ്ഞർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തിയത്.
തവാംഗിലെ യാങ്സിയിൽ ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണരേഖ അതിക്രമിച്ചു കയറി ഏകപക്ഷീയമായി അതിർത്തിയിലെ തൽസ്ഥിതി മാറ്റാൻ ശ്രമിച്ചെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. ഇന്ത്യൻ സേന ശക്തമായി നേരിട്ട് അത് വിഫലമാക്കി. ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നത് അവർ ധീരമായി തടഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടില്ല. ഗുരുതര പരിക്കുമില്ല. ഇരുപക്ഷത്തും പരിക്കുണ്ട്. ചൈനീസ് സേനയെ ഇന്ത്യൻ സേന തുരത്തിയോടിച്ചുവെന്ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി.