
ന്യൂഡൽഹി: ധനമന്ത്രാലയത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാലുപേർ ഡൽഹിയിൽ പിടിയിൽ. നിലവിലില്ലാത്ത കേന്ദ്ര സർക്കാർ പദ്ധതിയുടെ പേരിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പുകൾ ഉണ്ടാക്കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ധനമന്ത്രാലയത്തിന്റെ പരാതിയെ തുടർന്ന് ഡൽഹി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുപി, ഡൽഹി സ്വദേശികളാണ് പിടിയിലായവർ.
3000പേരോളം സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇൻഷ്വറൻസ് കമ്പനികളിൽ ജോലി ചെയ്തിരുന്ന പ്രതികൾ ഇവിടെ നിന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. മുമ്പ് അടച്ചിരുന്ന ഇൻഷ്വറൻസ് പോളിസിയുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ പ്രോസസിംഗ് ഫീസായി പണം ആവശ്യമുണ്ടെന്നും കാട്ടി ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും ഉദ്യോഗസ്ഥരാണെന്ന നിലയിലാണ് ഇവർ ജനങ്ങളെ സമീപിച്ചത്. ജനങ്ങളെ വിശ്വസിപ്പിക്കുന്നതിനായി ധനമന്ത്രിയുടെ ഒപ്പിട്ട വ്യാജ ലറ്റർപാഡും ആർബിഐയുടെ ലറ്റർപാഡും ഇവർ കണിച്ചിരുന്നു. പ്രതികളിൽ നിന്ന് ആകെ 12 ലക്ഷം രൂപ കണ്ടെത്തിയതായാണ് ഡൽഹി പൊലീസ് അറിയച്ചത്.