sreejith

അടൂർ: അടൂരിലെ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുന്നത്തൂർ ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്ത് ആണ് ജീവനൊടുക്കിയത്. തിരുവനന്തപുരം സ്വദേശിനിയായ ഷീബയും ഇയാൾക്കൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്നു. അവശനിലയിൽ യുവതിയേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ശ്രീജിത്തിനെ പരിചയപ്പെട്ടതെന്ന് ഷീബ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കമിതാക്കൾ ലോഡ്ജിൽ മുറിയെടുത്തത്. ഷീബയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചിരുന്നു. യുവതിയ്ക്ക് ഒരു കുട്ടിയുമുണ്ട്. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

ഷീബ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ പിടിവലിക്കിടയിൽ ശ്രീജിത്ത് പിടിച്ച് തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് ഷീബ ബോധരഹിതയായെന്നും, കാമുകി മരിച്ചെന്ന് കരുതിയാണ് യുവാവ് ജീവനൊടുക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം.

എന്നാൽ മരിക്കണമെന്ന ഉദ്ദേശത്തോടെയാണ് അടൂരിലെത്തിയതെന്നും പേടിമൂലം മരിക്കാൻ താൻ തയ്യാറായില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ശ്രീജിത്ത് നിർബന്ധിച്ച് നൽകിയ ഗുളിക കഴിച്ചപ്പോൾ അബോധാവസ്ഥയിലായി. ബോധം വന്നപ്പോൾ കാമുകൻ തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.

തിങ്കളാഴ്ച രാത്രി യുവതിയുടെ നിലവിളി കേട്ടാണ് ഹോട്ടൽ ജീവനക്കാർ എത്തിയത്. ജനലിന്റെ കമ്പിയിൽ തൂങ്ങിനിൽക്കുകയായിരുന്നു യുവാവ്. ഷീബയുടെ ചെവിയിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നെന്ന് ജീവനക്കാർ പറയുന്നു.