udayanidhi-stalin

ചെന്നൈ: ഡി എം കെയുടെ യുവജനവിഭാഗം സെക്രട്ടറിയും എം എൽ എയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെന്നൈ രാജ്‌ഭവനിലെ ദർബാർ ഹാളിൽ ഇന്ന് രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഗവർണർ ആർ എൻ രവി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദയനിധി മന്ത്രിപദം ഏറ്റെടുത്തത്.

ചടങ്ങിന് മുന്നോടിയായി സർക്കാരിന്റെ ഭാഗമാകാൻ അവസരം നൽകിയതിന് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.

எப்போதும் வழிநடத்தும் மாண்புமிகு முதலமைச்சர்@mkstalin அவர்களிடம், சமூகநீதி திட்டங்களை செயல்படுத்தி தமிழர் நலன் காக்கும் திராவிட மாடல் அரசின் அமைச்சரவையில் பங்கேற்க வாய்ப்பளித்ததற்கு நன்றி தெரிவித்து வாழ்த்து பெற்றேன். பதவியாக கருதாமல் பொறுப்பாக உணர்ந்து என்றும் பணியாற்றிடுவேன். pic.twitter.com/M43S8kRcFO

— Udhay (@Udhaystalin) December 14, 2022

മന്ത്രിസഭാ പുനഃസംഘടനയിലാണ് ചെപ്പോക്ക് തിരുവെള്ളൈക്കേനി നിയമസഭാംഗമായ ഉദയനിധിയെക്കൂടി മന്ത്രിസഭയിലെത്തിക്കാൻ തീരുമാനമായത്. നടൻ, നിർമ്മാതാവ് എന്ന പേരിലും ഏറെ പ്രശസ്തനാണ് ഉദയനിധി. യുവജന ക്ഷേമ, കായിക വകുപ്പുകളുടെ ചുമതല ഉദയനിധിയ്‌ക്ക് നൽകാനാണ് പാർട്ടിയിൽ ധാരണയായിരിക്കുന്നത്.

ഒന്നര വർഷത്തിന് ശേഷമാണ് സ്‌റ്റാലിൻ സർക്കാർ മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്. 2021 മേയ് ഏഴിനായിരുന്നു സ്‌റ്റാലിൻ മന്ത്രിസഭ അധികാരമേറ്റത്. നിലവിൽ സ്‌റ്റാലിനടക്കം 34 അംഗ മന്ത്രിസഭയാണ് തമിഴ്‌നാട്ടിലേത്.

'ചിന്നവർ' എന്നാണ് ഉദയനിധി പാർട്ടിക്കുള‌ളിൽ അറിയപ്പെടുന്നത്. മുത്തച്ഛനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധി പണ്ട് മത്സരിച്ചിരുന്ന മണ്ഡലത്തിൽ നിന്നും 69,355 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് ഉദയനിധി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം ഉദയനിധിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ എന്നാൽ നിലവിലെ മന്ത്രിമാരെയാരെയും മാറ്റില്ലെന്നാണ് വിവരം.