കവിത

കാനനവാസനെ കണികണ്ടുണരും
ശരണംവിളിയുമായ് മാമലകൾ!
ഇരുമുടിയേന്തി പൊൻപടികേറും
കാണിക്കയുമായ് പുലർകാലം.
തത്ത്വമസി മന്ത്രം അലയടിക്കും
പുണ്യം നിറയും തിരുനടയിൽ
അഷ്ടാഭിഷേകം കണ്ടുതൊഴുമ്പോൾ
ഭക്തനും ഭഗവാനും ഒന്നുചേരും.
ചന്ദ്രിക ചാർത്തും വൃശ്ചികരാവിൽ
കർപ്പൂരദീപം തെളിയുമ്പോൾ
പുഷ്പാഭിഷേകം തൊഴുതുനില്ക്കും;
ദു:ഖവും ദുരിതവും മറന്നുപോകും.
അത്താഴപൂജ കഴിയുംനേരം
ഹരിവരാസനം കേൾക്കുമ്പോൾ
ആടിയ ശിഷ്ടം നൈവേദ്യവുമായ്
ഇനിയും വരുവാൻ മലയിറങ്ങും !