crime

റായ്‌പൂർ: കാമുകന്റെ മർദ്ദനത്തിൽ 25കാരിയ്ക്ക് ദാരുണാന്ത്യം. ഛത്തീസ്‌ഗഡിലെ ധംത്രി ജില്ലയിൽ മഗർലോദ് പട്ടണത്തിൽ ചായക്കട നടത്തുന്ന രശ്മി സാഹുവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഖിസോര സ്വദേശിയായ ശത്രുഘൻ സാഹുവും (43) രശ്മിയും നാലുവർഷമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനാണ്. യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അടുത്തിടെയായി ര​​​​​​​ശ്മി നിരന്തരമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ഇതേപ്പറ്റി ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുമായിരുന്നെന്നും ശത്രുഘൻ പൊലീസിനോട് വെളിപ്പെടുത്തി.

ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ര​​​​​​​ശ്മി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. സംഭവദിവസം ചായക്കടയിലെത്തിയ പ്രതി ര​​​​​​​ശ്മിയുമായി വഴക്കിട്ടു. തുടർന്ന് വടി ഉപയോഗിച്ച് പ്രതി ര​​​​​​​ശ്മിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അവിടെനിന്ന് പ്രതി സ്വന്തം നാട്ടിലേയ്ക്ക് പോയി.

തലയിലെ മുറിവിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ ര​​​​​​​ശ്മിയെ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.