border

വാഷിംഗ്ടൺ: തവാങ് അതിർത്തിയിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ പ്രതികരണവുമായി അമേരിക്ക. ഏറ്റുമുട്ടലിൽ നിന്ന് ഇന്ത്യയും ചൈനയും ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായും അമേരിക്ക പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പെന്റഗൺ വ്യക്തമാക്കി.

യഥാർത്ഥ നിയന്ത്രണരേഖയിൽ സൈന്യത്തെ വിന്യസിക്കുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡർ വിമർശിച്ചു. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റെയ്ഡർ വ്യക്തമാക്കി.

ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിൽ നിന്ന് ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്ന് വൈറ്ര് ഹൗസ് സെക്രട്ടറി കരീൻ ജിൻ പിയറി പറഞ്ഞു. വിഷയം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി തർക്കത്തിൽ പരിഹാരമുണ്ടാക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി പറഞ്ഞു.