
ന്യൂഡൽഹി : ഏത് ആപത്തിലും ഇന്ത്യയെ കൈവെടിയാതെ സഹായിച്ചിട്ടുള്ള റഷ്യയുമായി ഇന്ത്യ അകലുന്നു എന്ന സൂചനയാണ് കഴിഞ്ഞയാഴ്ച പുറത്ത് വന്ന ബ്ലൂംബെർഗ് റിപ്പോർട്ടിലുള്ളത്. ഇന്ത്യ-റഷ്യ വാർഷിക കൂടിക്കാഴ്ചയ്ക്ക് യുക്രെയിൻ യുദ്ധത്തെ കാരണമാക്കി മോദി നോ പറഞ്ഞു എന്നാണ് റിപ്പോർട്ടിലുള്ളത്. യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കാനും മടിക്കില്ലെന്ന റഷ്യൻ പ്രസിഡന്റിന്റെ സൂചന പുറത്ത് വന്നതിന് ശേഷമാണ് ഇന്ത്യ വാർഷിക ഉച്ചകോടിയിൽ നിന്നും പിന്തിരിഞ്ഞതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. സെപ്തംബറിൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടിക്കിടെ ഇന്ത്യ - റഷ്യ വാർഷിക കൂടിക്കാഴ്ച നടത്തേണ്ടെന്ന തീരുമാനത്തെയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുന്നത്.
എന്നാൽ ഇന്ത്യ വിസമ്മതം അറിയിച്ചു എന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും ഇക്കാര്യം നിരസിച്ചു. റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നിരസിച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ഉച്ചകോടി നടത്തേണ്ടതില്ലെന്ന തീരുമാനം വളരെ നേരത്തെ എടുത്തതാണെന്ന് ഇന്ത്യയും വ്യക്തമാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം തേടിയത്.
21ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിക്കായി കഴിഞ്ഞ വർഷം ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് ന്യൂഡൽഹിയിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് 22ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദിയെ അദ്ദേഹം രാജ്യത്തെക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള സംവിധാനമായാണ് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയെ കാണുന്നത്. സെപ്തംബറിൽ ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഉച്ചകോടിക്കിടെ പുടിനും മോദിയും കൂടിക്കാഴ്ച നടന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു കൂടിക്കാഴ്ച.
അതേസമയം ഈ മാസം അവസാനത്തോടെ പുട്ടിനും ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗും കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയുമായി ചൈന കൂടുതൽ അടുക്കുകയാണ്.