
പ്രണയത്തിന് പ്രായം തടസമല്ലെന്ന് തെളിയിച്ച് 50കാരനായ ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് 24കാരിയായ യുവതി. ഇരുവരും പാകിസ്ഥാൻ സ്വദേശികളാണ്. ഷെഹ്‌സാദി എന്ന യുവതിയും സാദിഖുമാണ് ഈ പ്രണയജോഡികൾ. പാക് യുട്യൂബറായ സെയിദ് ബാസിത് അലിയുടെ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയത്.
ഛന്നുവിൽ നിന്ന് ലാഹോറിലേയ്ക്ക് ദിവസേനയുള്ള ബസ് യാത്രയ്ക്കിടെയാണ് ഡ്രൈവറായ സാദിഖുമായി ഷെഹ്‌സാദി പ്രണയത്തിലാവുന്നത്. സാദിഖ് ബസ് ഓടിക്കുന്ന സ്റ്റൈലും രീതിയുമാണ് പ്രണയത്തിലാകാൻ കാരണമെന്ന് യുവതി പറയുന്നു. സാദിഖ് പഴയ പാട്ടുകൾ കേൾക്കുന്നതും ഇഷ്ടം തോന്നാൻ കാരണമായി. അദ്ദേഹം വളരെ മിതഭാഷിയും മികച്ച പെരുമാറ്റമുള്ളയാളുമാണ്. തന്റെ സ്റ്റോപ്പ് ആണ് ഏറ്റവും അവസാനം. അതിനാൽ തന്നെ മിക്കവാറും താനും സാദിഖും മാത്രമായിരിക്കും ബസിലുണ്ടാവുക. കുറച്ചുനാൾ പിന്നിട്ടപ്പോൾ സാദിഖിനോട് ഇഷ്ടം തോന്നിയെന്നും പ്രണയം തുറന്നുപറഞ്ഞെന്നും ഷെഹ്‌സാദി പറയുന്നു. യുവതിയുടെ പ്രണയം സാദിഖ് സ്വീകരിക്കുകയും ചെയ്തു.
90കളിലെ പാട്ടുകൾ ഷെഹ്‌സാദി ആസ്വദിക്കുന്നത് താൻ ശ്രദ്ധിക്കുമായിരുന്നെന്ന് സാദിഖും പറയുന്നു. ഷെഹ്‌സാദി തന്റേതായിരുന്നെങ്കിലെന്ന് ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നെന്നും ഒരു ദിവസം ദൈവം പ്രാർത്ഥന കേട്ടുവെന്നും സാദിഖ് പറയുന്നു.
വിവാഹത്തോട് കുടുംബക്കാർക്ക് എതിർപ്പായിരുന്നെന്നും സാദിഖ് പറഞ്ഞു. ഇപ്പോൾ സാദിഖിനൊപ്പം ബസിലെ കണ്ടക്‌ടറായി ജോലി നോക്കുകയാണ് ഷെഹ്‌സാദി.