messi

ദോഹ: ഖത്തർ ലോകകപ്പിലെ ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് അർജന്റീന താരം ലയണൽ മെസി. ഫൈനലിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതോടെ തന്റെ ലോകകപ്പ് യാത്ര പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രൊയേഷ്യയ്ക്കെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം ഒരു അർജന്റീനിയൻ മാദ്ധ്യമത്തോടാണ് മെസി ഇക്കാര്യം പറഞ്ഞത്.

അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങൾ ബാക്കിയുള്ളതിനാൽ തനിക്ക് അതിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 35 വയസുള്ള മെസിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു.

ക്രൊയേഷ്യയെ 3-0ന് തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നത്. സെമി മത്സരത്തോടെ ഒരുപിടി റെക്കോർഡുകളും മെസി സ്വന്തമാക്കി. അഞ്ച് ഗോളുകളോടെ ടോപ്പ് സ്കോറർ പോരാട്ടത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പം മെസി ഒന്നാമതെത്തുകയും ചെയ്തു.