
ബംഗളൂരു : പെട്രോളിന് വില കൂട്ടുന്നത് കൊണ്ട് ലഭിക്കുന്ന തുകയുപയോഗിച്ചാണ് ശുചിമുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ നിർമ്മിക്കാൻ ഭരണകൂടം പണം ചെലവാക്കുന്നത് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി നമുക്കുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഈ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നിട്ടില്ലെന്ന് ചിത്രം കണ്ടാൽ മനസിലാവും. അയൽ സംസ്ഥാനമായ കർണാടകയിലെ ഒരു ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിലെ ടോയ്ലറ്റിന്റെ ദയനീയാവസ്ഥയാണ് ഇത്. സാരിയാൽ മറച്ച ഇടത്താണ് കുട്ടികൾ പ്രാഥമിക കൃത്യം നിർവഹിക്കുന്നത്.
തുറന്ന ടോയ്ലറ്റാണ് ഈ സ്‌കൂളിലെ കുട്ടികൾക്കുള്ളത്. സ്‌കൂളിനുണ്ടായിരുന്ന ടോയ്ലറ്റ് കെട്ടിടം വർഷങ്ങളായി ഉപയോഗ ശൂന്യമാണ്. ശിവമോഗ ജില്ലാ ആസ്ഥാനത്ത് നിന്ന് 140 കിലോമീറ്റർ അകലെയുള്ള ബരുവെ ഗ്രാമത്തിലെ എലിഗെ എന്ന ഗ്രാമത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സ്‌കൂളിലെ തുറന്ന ടോയ്ലറ്റിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ അധികാരികൾ ഉണർന്ന് പ്രവർത്തിക്കുകയാണ്. സ്‌കൂളിന് സൗകര്യങ്ങൾ ഒരുക്കുമെന്ന് ശിവമോഗയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരമേശ്വരപ്പ പറഞ്ഞു. എന്നാൽ നിരവധി തവണ പരാതിപ്പെട്ടിട്ടും ജില്ലാ ഭരണകൂടം തിരിഞ്ഞ് നോക്കിയില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.