
കഴിഞ്ഞ ദിവസമായിരുന്നു "2018 എവരിവൺ ഈസ് എ ഹീറോ" എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. ഇതിനിടെ 'ജൂഡ് ആന്റണിക്ക് തലയിൽ മുടിയില്ല എന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പരാമർശം വിവാദമാകുകയും ചെയ്തു.
മെഗാസ്റ്റാറിന്റെ പരാമർശം ബോഡി ഷെയിമിംഗാണെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി. മമ്മൂട്ടിയുടെ വാക്കുകൾ ദയവ് ചെയ്ത് ആരും വളച്ചൊടിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. മുടി ഇല്ലാത്തതിന് തനിക്കോ കുടുംബത്തിനോ വിഷമമില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോർപറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്.
എന്ന്
മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ