governor

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ സമ്മേളനം ചേരാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടർച്ചയായാണ് അടുത്ത മാസം സഭ ചേരുക.

പുതിയ വർഷം ചേരുന്ന ആദ്യ സമ്മേളനം വിളിച്ചുകൂട്ടുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം. എന്നാൽ ഇന്നലെ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ അടുത്ത മാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്ക് ശേഷം ഈ സമ്മേളനത്തിന്റെ തുടർച്ചയായാണ് പരിഗണിക്കുക. എന്നാൽ ഇതിലൂടെ തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷത്തിൽ എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.