
പ്രോട്ടീൻ കലവറ എന്ന് പരക്കെ പറയാറുണ്ടെങ്കിലും നമ്മളിൽ പലർക്കും സോയയോട് അത്ര പ്രിയം കാണില്ല. സാധാരണ നമ്മുടെ വീടുകളിൽ ചപ്പാത്തിയുടെയും അപ്പത്തിന്റേയുമൊക്കെ കോംബിനേഷനായി സോയക്കറി ഉണ്ടാക്കാറുണ്ടെങ്കിലും പലരും ഇത് സ്‌കിപ്പ് ചെയ്യുകയായിരിക്കും പതിവ്. എന്നാൽ ചിക്കൻ 65 പോലെ അതേരുചിയിൽ സോയ 65 കഴിച്ചിട്ടുണ്ടോ? ഇങ്ങനൊന്ന് തയ്യാറാക്കിനോക്കൂ, സോയ വേണ്ടെന്ന് ആരും പറയില്ല.
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് സോയ എടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് കുറച്ച് ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കണം. ഇതിലേയ്ക്ക് സോയ ഇട്ടുകൊടുത്ത് രണ്ട് മിനിട്ട് നേരം തിളപ്പിക്കണം. ഏറെനേരം ഇട്ടിരുന്നാൽ സോയ അധികമായി വെന്തുപോകും. അതിനാൽ കുറച്ച് നേരം തിളപ്പിച്ചാൽ മാത്രം മതിയാകും. അടുത്തതായി സോയ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി കുറച്ച് തണുത്ത വെള്ളം ഒഴിച്ച് നന്നായി വെള്ളം പിഴിഞ്ഞുമാറ്റി വയ്ക്കണം. ഇത്തരത്തിൽ രണ്ടുമൂന്നാവർത്തി പിഴിഞ്ഞെടുക്കണം.
അടുത്തതായി ഒരു പാത്രമെടുത്ത് രണ്ട് സ്‌പൂൺ മുളകുപൊടി, ഒരു സ്‌പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു സ്‌പൂൺ തൈര്, ഒരു സ്‌പൂൺ ചിക്കൻ മസാല, അര സ്‌പൂൺ ഗരം മസാല, കാൽ സ്‌പൂൺ പെരുംജീരക പൊടി, കാൽ ടീസ്‌പൂൺ ചെറിയ ജീരകപൊടി, ഒരു സ്‌പൂൺ മല്ലിപ്പൊടി, ഒരു സ്‌പൂൺ കുരുമുളക് പൊടി, ഒന്നേക്കാൽ ടീസ്‌പൂൺ നാരങ്ങാനീര്, രണ്ട് നുള്ള് മഞ്ഞൾപ്പൊടി, മൂന്ന് ടേബിൾ സ്‌പൂൺ കോൺഫ്ളവർ, ഒരു സ്‌പൂൺ അരിപ്പൊടി, ഒരു സ്‌പൂൺ സൺഫ്ളവർ ഓയിൽ, ആവശ്യത്തിന് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കട്ടിയ്ക്ക് കുഴച്ചെടുക്കണം. ഇതിലേയ്ക്ക് സോയ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേയ്ക്ക് കുറച്ച് കറിവേപ്പില ചതച്ചിടാം. ഇത് ഒരു മണിക്കൂർ മാറ്റിവയ്ക്കണം. ഇത് എണ്ണയിൽ ഇട്ട് നന്നായി കുറച്ച് കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കാം.
അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് സോയ വറുത്ത എണ്ണയൊഴിച്ച് അതിൽ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും, അര സ്‌പൂൺ മുളകുപൊടി, കാൽ സ്‌പൂൺ ഗരം മസാല, ഒരു സ്‌പൂൺ ടൊമാറ്റോ സോസ്, ഒരു സ്‌പൂൺ ചില്ലി സോസ് കുറച്ച് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കാം. ഇതിലേയ്ക്ക് സോയ ഫ്രൈ ചേർത്ത് നന്നായി യോജിപ്പിക്കണം. സോയ 65 റെഡി.