cabinet-meet

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നതിന് 245 കോടി രൂപയുടെ പ്രവർത്തിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ഭരണാനുമതി നൽകി. 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുന്നതിനും യോഗത്തിൽ തീരുമാനമായി.

മറ്റു തീരുമാനങ്ങൾ ഇങ്ങനെ-

ധനസഹായം

കക്ക വാരാൻ പോയി തോണിമറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം തിരൂർ താലൂക്കിൽ പുറത്തൂർ വില്ലേജിൽ പുതുപ്പള്ളിയിൽ അബ്ദുൾ സലാം, അബൂബക്കർ, റുഖിയ എന്നിവർക്ക് ഓരോ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കും. കൂടാതെ അപകടത്തിൽ മരിച്ച സൈനബയുടെ രണ്ട് കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപവീതവും അനുവദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശിശക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വഹിക്കും. മരണപ്പെട്ട നാല് വ്യക്തികളുടെ കുടുംബങ്ങൾക്കും മരണാനന്തര ക്രിയകൾക്കുള്ള അടിയന്തിര ധനസഹായം 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.

പേപ്പാറ വന്യജീവി സങ്കേതത്തിലെ പൊടിയകാല സെറ്റിൽമെന്റിൽ മരണപ്പെട്ട വിശ്വനാഥൻകാണിയുടെ ആദിവാസി കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന് രണ്ട് ലക്ഷം രൂപ ധന സഹായം അനുവദിച്ചു.

ശമ്പള പരിഷ്‌ക്കരണം

സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം നൽകുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

കേരള മീഡിയ അക്കാദമിയിലെ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ എന്നിവ വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു.

കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 615 ജീവനക്കാരുടെയും ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 40 ജീവനക്കാരുടെയും വേതനം നിബന്ധനകളോടെ പരിഷ്‌കരിക്കുന്നതിന് തീരുമാനിച്ചു.

ഭരണാനുമതി

കണ്ണൂർ ജില്ലയിലെ പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നതിന് 245 കോടി രൂപയുടെ പ്രവർത്തിക്ക് ഭരണാനുമതി നൽകി.

നിയമനം

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയിൽ ന്യൂറോ സർജറി വകുപ്പിൽ നിന്ന് വിരമിച്ച ഡോ. സഞ്ജീവ് വി തോമസിനെ പുനർ നിയമന വ്യവസ്ഥയിൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കമ്മ്യൂണിക്കേറ്റീവ് ആന്റ് കൊഗ്നിറ്റീവ് ന്യൂറോ സയൻസസ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുന്നതിന് അനുമതി നൽകി. 31.03. 2023 വരെ ഈ കോടതികൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കും.