
കഴിഞ്ഞ ലോകകപ്പിലെ തോൽവിക്ക് ക്രൊയേഷ്യയോട് പകരം വീട്ടി അർജന്റീന ആറാം ലോകകപ്പ് ഫൈനലിന്
സെമിഫൈനലിൽ ഇതുവരെ തോൽവി അറിയാത്ത ടീമായി അർജന്റീന
ദോഹ : ''നിങ്ങൾ ഈ മത്സരം കണ്ടിട്ടില്ലെങ്കിൽ ഈ ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടിട്ടില്ല"-എന്ന് നിസംശയം പറയാനാകും വിധം ക്രൊയേഷ്യയെ തച്ചുതകർത്ത് ലയണൽ മെസിയും സംഘവും ഖത്തർ ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തുമ്പോൾ സ്വർഗത്തിൽ മറഡോണയും ഭൂമിയിൽ ആരാധകരും കാത്തിരിക്കുന്നത് അർജന്റീനയുടെ കിരീടാരോഹണത്തിനായാണ്.
ലാറ്റിനമേരിക്കൻ ഫുട്ബാൾ ആരാധകരുടെ മുഴുവൻ മനസിൽ സന്തോഷത്തിന്റെ പൂത്തിരികൾ കത്തിച്ച വിജയമാണ് ലുസൈൽ സ്റ്റേഡിയത്തിൽ മെസിയും സംഘവും നേടിയെടുത്തത്. കഴിഞ്ഞ ലോകകപ്പിൽ റണ്ണർ അപ്പുകളായ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മുക്കിക്കളയുകയായിരുന്നു അർജന്റീന. നാലുകൊല്ലം മുമ്പ് ഗ്രൂപ്പ് റൗണ്ടിൽ ഒരുമിച്ച് മത്സരിച്ചവരാണ് അർജന്റീനയും ക്രൊയേഷ്യയും. അന്ന് ക്രൊയേഷ്യ തങ്ങളെ തോൽപ്പിച്ചിരുന്ന അതേ സ്കോറിൽത്തന്നെ തിരിച്ചടി നൽകാനായി എന്നതാണ് ഇപ്പോൾ മെസിപ്പടയ്ക്ക് ആവേശം പകരുന്നത്.
ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച ക്രൊയേഷ്യയ്ക്ക് എതിരെ ഇറങ്ങുമ്പോൾ അർജന്റീനാ ആരാധകർ അൽപ്പം ഭയന്നിരുന്നു എന്നത് സത്യം. കളിയുടെ ആദ്യ അരമണിക്കൂറോളം മുന്നേറ്റങ്ങൾ നടത്താനോ,എന്തിന് പന്തിൽ നേരാംവണ്ണം തൊടാനോ അനുവദിക്കാതെ ക്രൊയേഷ്യൻ പ്രതിരോധം മസിലുപിടിച്ചുനിന്നപ്പോൾ ഗോളുകൾ എങ്ങനെ പിറക്കുമെന്ന സന്ദേഹവുമുണ്ടായി. പക്ഷേ രണ്ട് ഷൂട്ടൗട്ടുകളിൽ ക്രൊയേഷ്യയെ കാത്ത ഗോളി ലിവാകോവിച്ചിന്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽനിന്നുണ്ടായ ഫൗൾ,പെനാൽറ്റി വിധി....അവിടെ തീർന്നിരുന്നു ക്രൊയേഷ്യ.
ഉൗതിവീർപ്പിച്ചൊരു ബലൂൺ സൂചിക്കുത്തേറ്റ് പൊട്ടുന്നതുപോലെയായിരുന്നു അതുവരെ മുന്നിട്ടുനിന്ന ക്രൊയേഷ്യയുടെ അവസ്ഥ. അപ്രതീക്ഷിതമായ കൊടുങ്കാറ്റിൽ പായ നഷ്ടമായ വഞ്ചിപോലെ അവരുടെ പ്രതിരോധം ആടിയുലഞ്ഞു. നാലുമിനിട്ടിനുശേഷം അൽവാരസിന്റെ ഒരു ഒറ്റയാൻ മുന്നേറ്റത്തെ ചെറുക്കാനുള്ള ദുർബലശ്രമങ്ങളിൽ അവരുടെ വിധി സൂചനയുണ്ടായിരുന്നു. ആദ്യ ഗോളിന് ശേഷം ബാധ കയറിയതുപോലെ കളിച്ച അർജന്റീന രണ്ടാം പകുതിയിലും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 69-ാം മിനിട്ടിൽ അൽവാരസ് നേടിയ രണ്ടാം ഗോളിൽ ലയണൽ മെസിയെന്ന മാന്ത്രികന്റെ ഡ്രിബിളിംഗ് പാടവത്തിന്റെയും പാസിംഗ് സ്കില്ലിന്റെയും മുദ്ര പതിഞ്ഞിരുന്നു.ഈ ഗോളും കൂടി ഏറ്റുവാങ്ങിയതോടെ തങ്ങളുടെ പതനം പൂർത്തിയായി എന്നുറപ്പിച്ച ക്രൊയേഷ്യക്കാർ ഒന്നെങ്കിലും തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങളൊക്കെയും പൊലിഞ്ഞത് എമിലിയാനോ മാർട്ടിനെസ് എന്ന അർജന്റീനാ ഗോളിക്ക് മുന്നിലാണ്. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബാൾ സ്വന്തമാക്കിയ ലൂക്കാ മൊഡ്രിച്ചിന് ഫൈനൽ വിസിലിന് മുമ്പ് സൈഡ് ബെഞ്ചിലേക്ക് മടങ്ങേണ്ടിവന്നു. ആർക്കുമുന്നിലും തോൽക്കാതെ സെമി വരെയെത്തിയ മൊഡ്രിച്ചും സംഘവും മെസിക്ക് മുന്നിൽ മുഖം കുനിച്ച് തിരികെ മടങ്ങി.
ഗോളുകൾ ഇങ്ങനെ
1-0
34-ാം മിനിട്ട്
മെസി(പെനാൽറ്റി)
മദ്ധ്യഭാഗത്ത് ലഭിച്ച ത്രൂബാളുമായി സ്ഥാനം തെറ്റി നിന്ന ക്രൊയേഷ്യൻ പ്രതിരോധത്തെ മറികടന്ന് മുന്നേറിയ ജൂലിയൻ അൽവാരസിനെ തടുക്കാനുള്ള ശ്രമത്തിനിടെ ഗോൾ കീപ്പർ ലിവാകോവിച്ച് മുഖത്തടിച്ചതിനാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി കിട്ടിയത്. റഫറിയുമായി തർക്കിച്ച കൊവാസിച്ചിനും ലിവാകോവിച്ചിനും മഞ്ഞക്കാർഡും കിട്ടി.കിക്കെടുത്ത മെസി പെനാൽറ്റി കിക്ക് തടയുന്നതിൽ അതിവിദഗ്ദ്ധനായ ലിവാകോവിച്ചിനെ നിഷ്പ്രഭനാക്കി വലകുലുക്കുകയായിരുന്നു.
2-0
39-ാം മിനിട്ട്
ജൂലിയാൻ അൽവാരസ്
ഒരു കൗണ്ടർ അറ്രാക്കിലൂടെയാണ് അർജന്റീന വീണ്ടും മുന്നിലെത്തിയത്. ജൂലിയൻ അൽവാരസ് മികച്ചൊരു സോളോ ഗോളിലൂടെ തന്റെ പ്രതിഭ ലോകത്തിന്കാണിച്ചു കൊടുത്തു.സ്വന്തം ഹാഫിൽ നിന്ന് പന്തുമായി ഒറ്രയ്ക്ക് മുന്നേറിയ അൽവാരസ് തടയാനെത്തിയ മൂന്ന് ക്രൊയേഷ്യൻ ഡിഫൻഡർമാരേയും ഒടുവിൽ ഗോളി ലിവാകോവിച്ചിനെയും മറികടന്ന് ക്ലോസ് റേഞ്ച് ഫിനിഷിലൂടെ വലകുലുക്കുകയായിരുന്നു.
3-0
69-ാം മിനിട്ട്
ജൂലിയാൻ അൽവാരസ്
മെസിയുടെ ലോകോത്തര അസിസ്റ്റിൽ നിന്നാണ് ജൂലിയൻ അൽവാരസ് തന്റെ രണ്ടാമത്തേയും അർജന്റീനയുടെ മൂന്നാമത്തേയും ഗോൾ കണ്ടെത്തിയത്. നിഴൽ പോലെ തന്നെ പൂട്ടാൻ എപ്പോഴും ഒപ്പമുണ്ടായിരുന്ന ക്രൊയേഷ്യൻ ഡിഫൻഡർ ഗ്വാർഡിയോളിനെ നിഷ്പ്രഭനാക്കിക്കളഞ്ഞൊരു നീക്കവും പാസുമായിരുന്നു മെസിയുടേത്. ത്രോയിൽ നിന്ന് കിട്ടിയ പന്തുമായി വലതുവിംഗിലൂടെ മുന്നേറിയ മെസി ഒപ്പമുണ്ടായിരുന്ന ഗ്വാർഡിയോളിനെ പലതവണ വെട്ടിയൊഴിഞ്ഞ് ഗോൾ പോസ്റ്രിനരികിൽ നിന്ന് തിളകയിലെന്നപോലെ നൽകിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ടതേയുണ്ടായിരുന്നുള്ളൂ അൽവാരസിന്.
25
ലോകകപ്പിൽ മെസിയുടെ 25-ാം മത്സരമായിരുന്നു ഇത്. ഏറ്രവും കൂടുതൽ ലോകകപ്പ് മത്സരം കളിച്ച താരങ്ങളിൽ ജർമ്മനിയുടെ മുൻനായകൻ ലോതർ മത്തേവുസിനൊപ്പം ഒന്നാമതെത്താനും മെസിക്കായി.
11
അഞ്ചു ലോകകപ്പുകളിലായി മെസി നേടിയ ഗോളുകളുടെ എണ്ണം പതിനൊന്നായി. ലോകകപ്പുകളിൽ അർജന്റീനയുടെ ടോപ്സ്കോററർ സ്ഥാനത്തുണ്ടായിരുന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ മെസി മറികടന്നു.
ലോകകപ്പ് ഗോൾ വേട്ടയിൽ ലോക താരങ്ങളിൽ ആറാം സ്ഥാനത്താണ് മെസി. ജർമ്മനിയുടെ മിറോസ്ളാവ് ക്ളോസെ(16),ബ്രസീലിന്റെ റൊണാൾഡോ (15), ജർമ്മനിയുടെ ഗെർഡ് മുള്ളർ(14), ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടേയ്ൻ(13), പെലെ (12) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. യൂർഗൻ ക്ളിൻസ്മാനും സാൻഡോർ കോക്സിസും 11 ഗോളുകൾ വീതം നേടിയിട്ടുണ്ട്.
5
ഒരു ലോകകപ്പിൽ അഞ്ചു ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 35കാരനായ മെസി.
1966
ന് ശേഷം ഒരു ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളടിക്കുകയും അസിസ്റ്റ് നടത്തുകയും ചെയ്യുന്ന ആദ്യ താരമാണ് മെസി. 66ന് ശേഷം തുടർച്ചയായ നോക്കൗട്ട് മത്സരങ്ങളിൽ ഗോളടിക്കുകയും അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരവും മെസി തന്നെ.
ഈ ലോകകപ്പിൽ
ഏറ്റവും കൂടുതൽ ഗോൾ(5)
ഏറ്റവും കൂടുതൽ അസിസ്റ്റ്(3)
ഏറ്റവും കൂടുതൽ ഷോട്ട്സ് (27)
ഏറ്റവും കൂടുതൽ ഷോട്ട്സ് ഓൺ ടാർഗറ്റ് (14)
ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്(18)
മാൻ ഒഫ് ദ മാച്ച് (4) ഈ റെക്കാഡുകളെല്ലാം മെസിക്ക് സ്വന്തം.
3
ഖത്തർ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും മെസി സ്കോർ ചെയ്തു. ലോകകപ്പ് നോക്കൗട്ടിൽ മെസി ഗോളടിക്കുന്നത് ഇതാദ്യമായാണ്.
16
ഗോളുകളാണ് ഈ വർഷം മെസി അർജന്റീനയ്ക്കായി നേടിയത്. രാജ്യത്തിനായി മെസി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വർഷം ഇതാണ്.
5
ലോകകപ്പിൽ ആദ്യ മത്സരം തോറ്റശേഷം ഫൈനലിലെത്തുന്ന അഞ്ചാമത്തെ ടീമാണ് അർജന്റീന. 2010ൽ സ്പെയ്ൻ മാത്രമാണ് ഇക്കൂട്ടത്തിൽ കിരീടം നേടിയിട്ടുള്ളത്.
6
ലോകകപ്പ് ഫൈനലുകളുടെ എണ്ണത്തിൽ അർജന്റീന ഇറ്റലിക്കൊപ്പമെത്തി. ജർമ്മനിയും (8) ബ്രസീലും (7) മാത്രമാണ് ഇരു ടീമുകൾക്കും മുന്നിലുള്ളത്.
ഖത്തറിൽ ആദ്യത്തെ മത്സരത്തിൽ തോൽക്കേണ്ടിവന്നത് ഞങ്ങൾക്ക് ഗുണകരമായെന്നാണ് ഇപ്പോൾ തോന്നുന്നത്. ഞങ്ങളുടെ ശക്തിയെയും ദൗർബല്യങ്ങളെയും ശരിയായി മനസിലാക്കാൻ ആ തോൽവി സഹായിച്ചു. അതുകൊണ്ടാണ് അതിന് ശേഷമുള്ള ഓരോ മത്സരവും ഫൈനലായി കാണാൻ കഴിഞ്ഞത്.
- ലയണൽ മെസി