
ബീജിംഗ്: കൊവിഡിനെതിരെ സിറോ ടോളറൻസ് നയം പിന്തുടർന്നിരുന്ന ചൈന ജനരോഷം ഭയന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ്. എന്നാൽ ഇതോടെ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രണങ്ങൾ ഇല്ലായ്മ ചെയ്തതോടെ കൊവിഡ് കേസ് ഉള്ളവരെ ട്രാക്ക് ചെയ്യാനും ഭരണകൂടത്തിനാവുന്നില്ല. ഇവർ നിർബാധം സഞ്ചരിക്കുന്നത് പുതിയ ആളുകളിലേക്ക് രോഗം പടരുന്നതിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി കൊവിഡിനെ തുരത്തുന്നതിനായുള്ള കൂട്ടായ ശ്രമത്തിലായിരുന്നു ചൈനീസ് ഭരണകൂടം. ഇതിനായി കൂട്ട പരിശോധനയും, ക്വാറന്റൈൻ കേന്ദ്രങ്ങളും തുറന്നിരുന്നു. രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളെ തടയാൻ ഇപ്പോൾ അധികാരികൾക്ക് കഴിയുന്നില്ല. ഇതിനാൽ രോഗബാധിതരായ ആളുകളുടെ യഥാർത്ഥ എണ്ണം കൃത്യമായി മനസിലാക്കാനുമാകുന്നില്ല.
നിയന്ത്രണങ്ങൾ നീക്കിയതോടെ ബീജിംഗിലെ ടൂർ ഗ്രൂപ്പുകൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുകയാണ്. എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന വയോജനങ്ങൾ ഇനിയും പൂർണമായി വാക്സിനുകൾ എടുക്കാത്തത് ആശങ്കയുയർത്തുന്നുണ്ട്. രാജ്യത്തെ പനി ക്ലിനിക്കുകളിൽ നീണ്ട വരിയാണ് പ്രകടമാകുന്നത്. ഇതിനൊപ്പം മരുന്ന് ക്ഷാമവും വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പലരും വീട്ടിൽ സ്വയം മരുന്ന് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൊവിഡ് സ്വയം നിർണയിക്കാനുള്ള ടെസ്റ്റ് കിറ്റുകൾക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്.