renjith

തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയിൽ 'നൻപകൽ നേരത്തെ മയക്കമെന്ന' സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25) തൃശൂർ പാവറട്ടി സ്വദേശിനി നിഹാരിക (21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീൻ (25) എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.

അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകളാണ് മ്യൂസിയം പൊലീസ് ചുമത്തിയിരിക്കുന്നത്. ഡെലിഗേറ്റ് പാസോ മതിയായ രേഖകളോ ഇല്ലാതെയാണ് തീയേറ്ററിലെ ഓഫീസിനകത്ത് തള്ളിക്കയറാൻ ശ്രമിച്ചതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

അതേസമയം, പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്‌‌പദമായ സംഭവം നടന്നത്. ടാഗോർ തീയേറ്ററിൽ റിസർവ് ചെയ്തിട്ടും ചിത്രം കാണാനാകാത്തതിനെത്തുടർന്നായിരുന്നു ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത്.