book-review

1980 നവംബർ 16ന് ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് കോളിളക്കം എന്ന മലയാളചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സൂപ്പർ താരമായിരുന്ന ജയന്റെ അകാലമൃത്യു. പറന്നു പൊങ്ങിയ ഹെലിക്കോപ്ടറിന്റെ ലാന്റിംഗ് പാഡിൽ തൂങ്ങി സംഘട്ടനരംഗം ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്ടർ നിയന്ത്രണം വിട്ട് തകർന്നുവീഴുകയായിരുന്നു. ഹെലിക്കോപ്ടറിലുണ്ടായിരുന്ന നടൻ ബാലൻ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച് നിരവധി കഥകൾ പുറത്ത് വരാൻ ഇടയാക്കി. കാലങ്ങളോളം സിനിമാരംഗത്ത് ചൂടേറിയ ചർച്ചകൾക്ക് വിഷയമായിരുന്ന അത്തരം കഥകൾ ഒരുവേള അടങ്ങുകയും ജയന്റെ മരണം അതിരുകടന്ന സാഹസികത വരുത്തിവച്ച അപകടമായി മലയാളസിനിമാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. ഈ സംഭവത്തെ ഒരു നോവലിലൂടെ അവതരിപ്പിക്കുകയാണ് അൻവർ അബ്ദുള്ള.


1980 ഏപ്രിൽ പതിനേഴാം തീയതി മദ്രാസിനടുത്ത് ചൂളവാരത്ത് പടയൊരുക്കം എന്ന മലയാളചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ സൂപ്പർ സ്റ്റാർ ജഗൻ അകാലമൃത്യുവടഞ്ഞതിന് മുപ്പത്തിയെട്ടുവർഷങ്ങൾക്ക് ശേഷം ജഗന്റെ കടുത്ത ആരാധകനായ കൃഷ്ണൻ കുട്ടി ഡിറ്റക്ടീവ് ശിവ്ശങ്കർ പെരുമാളിനെ കാണാനെത്തുന്നതോടെയാണ് അൻവർ അബ്ദുള്ളയുടെ 1980 എന്ന നോവൽ ആരംഭിക്കുന്നത്.കൃഷ്ണൻ കുട്ടിയുടെ ആവശ്യം മറ്റൊന്നുമല്ല. ജഗൻ കേസ് പെരുമാൾ പുനരന്വേഷിക്കണം.കാരണം, ജഗന്റേത് കേവലം അപകടമരണമല്ല,ആസൂത്രിതവും ക്രൂരവുമായ കൊലപാതകമാണ്!!

ഒരു ജനപ്രിയ ഡിറ്റക്ടീവ് നോവലിനുമാത്രമല്ല,സൂപ്പർഹിറ്റ് ത്രില്ലർ സിനിമയ്ക്ക് പോലും വിഷയമാക്കാവുന്ന ഈ കഥാതന്തു അനന്യമായ രചനാകൗശലം കൊണ്ടും ആഴമുള്ള ഭാഷാശൈലികൊണ്ടും ത്രസിപ്പിക്കുന്ന ആവിഷ്‌കാരമികവുകൊണ്ടും അൻവർ അബ്ദുള്ള അവിസ്മരണീയമായ വായനാനുഭവമാക്കുന്നതാണ് തുടർന്നുള്ള 23 അധ്യായങ്ങൾ. ത്രില്ലർ നോവലുകളുടെ പെരുമാളായ അൻവറിൽ നിന്നും മലയാളത്തിനു ലഭിച്ച ലക്ഷണമൊത്ത ക്ലാസിക് ത്രില്ലർ. ഒറ്റവാചകത്തിൽ പറഞ്ഞാൽ, കൊടുക്കുന്ന കാശ് മുതലാക്കിത്തരുന്ന രചന!

മുന്നൂറിലധികം പുറങ്ങളിൽ നീണ്ടുകിടക്കുന്ന ഈ നോവലിൽ ഒരു ബിഗ് ബഡ്ജറ്റ് സിനിമയിലെന്ന പോലെ മലയാളത്തിലേയും തമിഴിലേയും ഹിന്ദിയിലേയും നിരവധി സിനിമാതാരങ്ങളും അണിയറപ്രവർത്തകരും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാകുന്നുണ്ട്. ഇവരിൽ പലരേയും നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരും പരിചിതരുമായി തോന്നാം.നോവലിലെ കഥാപാത്രങ്ങൾക്ക് ജീവിതത്തിലെ വാർപ്പുമാതൃകകളെ മനസ്സിൽ കാണുമ്പോൾ പല വിഗ്രഹങ്ങളും ഉടയുന്ന കാഴ്ച വായനക്കാരിൽ ഞെട്ടലുണ്ടാക്കാം.എല്ലാ ദുരൂഹതകൾക്കുമൊടുവിൽ അനിവാര്യമായ ട്വിസ്റ്റിലൂടെ പെരുമാൾ സത്യം കണ്ടെത്തുമ്പോൾ ഒരുവേള വായനക്കാരൻ നടുങ്ങിയേക്കാം.

പെരുമാളിന്റെ കണ്ടെത്തൽ യാഥാർത്ഥ്യമാണെങ്കിൽ മലയാളസിനിമയുടെ ചരിത്രത്തിൽ ഇന്നോളമുണ്ടായ ഏറ്റവും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലാണ് അത്.ഒരുപക്ഷേ വരും നാളുകളിൽ ഏറെ വിവാദമുണ്ടാക്കിയേക്കാവുന്ന ഒന്ന്. ഇതെല്ലാം കഥാകാരന്റെ ഭാവനയാണെങ്കിൽ,യഥാർത്ഥ വസ്തുതകൾക്ക് മേൽ ഭാവനാശക്തിക്കും രചനാശേഷിക്കും പ്രവർത്തിക്കാനാകുന്ന സർഗ്ഗാത്മകതയുടെ പാരമ്യമാണ് ഈ നോവൽ!

മരിച്ചിട്ട് ഇത്രകാലം കഴിഞ്ഞിട്ടും തിളങ്ങുന്ന ഓർമ്മയായി മലയാളിയുടെ മനസിൽ ജ്വലിച്ചുനിൽക്കുന്ന ഒരു മഹാനടന്റെ തലപ്പൊക്കം നമ്മൾ അനുഭവിച്ചറിയും. പിൻകുറിപ്പിൽ അൻവർ പറയുന്നതുപോലെ,അകാലത്തിൽ അപമൃത്യുവിനിരയായ ആ മഹാനടന്റെ മനുഷ്യത്വഭരിതമായ വ്യക്തിത്വത്തിനും ജീവിതത്തിനും ഉചിതമായ ഒരു പ്രണാമം മാത്രമല്ല, ഇന്ത്യൻ ജനപ്രിയസിനിമയുടെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ ജനപ്രിയചലച്ചിത്രമേഖലയുടെ പരിണാമദശയുടെ രേഖപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.

ഷെർലക് ഹോംസിനെപ്പോലെ,ഹെർക്യൂൾ പോയ്‌റോട്ടിനെപ്പോലെ മലയാളസാഹിത്യത്തിൽ എണ്ണം പറഞ്ഞ ഡിറ്റക്ടീവുമാർ ഇല്ല എന്ന പരിഭവത്തിനു മറുപടിയാണ് അൻവറിന്റെ ശിവ്ശങ്കർ പെരുമാൾ. പെരുമാൾ സീരീസിലെ അഞ്ചാമത് പുസ്തകമാണ് 1980.വിവാദമായ കേസുകളിൽ പ്രശസ്തിമാത്രം ലാക്കാക്കി വക്കാലത്തുമായി ചാടിവീഴുന്ന അതിമോഹികളെപ്പോലെയല്ല പെരുമാൾ. ഒരു കേസ് പെരുമാൾ ഏറ്റെടുക്കണമെങ്കിൽ അതിൽ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നതോ വെല്ലുവിളിക്കുന്നതോ ആയ ഒരു എലമെന്റ് വേണം.അല്ലെങ്കിൽ ദൈവനീതി നടപ്പായില്ലെന്ന് തോന്നിപ്പിക്കുന്ന ഒരു അഭാവമോ അസാന്നിദ്ധ്യമോ അതിസാന്നിദ്ധ്യമോ അതിന്റെ സ്പന്ദനം സ്വയം രേഖപ്പെടുത്തണം.പ്രകൃതിയെ ഇണക്കി മുന്നോട്ട് കൊണ്ടുപോകുന്നത് തടയുന്ന ഒരു ഇണങ്ങാക്കണ്ണിയുടെ തുരുമ്പുകിണുക്കം വേണം.കുറ്റം തെളിയിച്ചതിനുശേഷം കുറ്റവാളിക്ക് ശിക്ഷവാങ്ങിക്കൊടുക്കാൻ നിയമത്തിന്റെ വഴിക്ക് പോകുന്നത് പെരുമാളിന്റെ ബാധ്യതയല്ല.

ഈ കേസിൽ പെരുമാളിന്റെ ഉത്തരവാദിത്തം മരണപ്പെട്ട ജഗൻ എന്ന അതുല്യനടനോടും അദ്ദേഹത്തിന്റെ അപകടമരണത്തിലെ ദുരൂഹത നീക്കാൻ സ്വന്തം ശരീരം പോലും വിൽക്കാൻ തയ്യാറായ കൃഷ്ണൻ കുട്ടി എന്ന ആരാധകനോടും മാത്രമാകുന്നു. കുറ്റാന്വേഷണത്തിലെ ഈ ഫിലോസഫിയാണ് പെരുമാളിനെ ഹോംസിനും പോയ്‌റോട്ടിനുമൊപ്പമിരുത്താൻ വായനക്കാരനെ പ്രേരിപ്പിക്കുന്നത്.ആ പെരുമാളിനെ അവതരിപ്പിക്കാൻ അസൂയാവഹമായ ഭാവനാശേഷിയും ക്രാഫ്റ്റും ഭാഷയും കൈമുതലായി ഉണ്ട് എന്നതുകൊണ്ടാണ് ഡിറ്റക്ടീവ് നോവൽ എന്ന ബ്രാൻഡിൽ വിപണിയിൽ ഇറങ്ങുന്ന പെരുമാൾ സീരീസിലൂടെത്തന്നെ മലയാളസാഹിത്യത്തിന്റെ മുൻനിരയിൽ സ്വന്തം ഇരിപ്പിടം വലിച്ചിട്ട് നെഞ്ചുവിരിച്ചിരിക്കാൻ അൻവറിനും സാധിക്കുന്നത്.

(1980,ഡിറ്റക്ടീവ് നോവൽ,അൻവർ അബ്ദുള്ള:മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.)