
ഇസ്ലാമാബാദ് : മുബയ് ഭീകരാക്രണത്തിന്റെയടക്കം ചുക്കാൻ വഹിച്ചയാളെന്ന് ഇന്ത്യ കരുതുന്ന പാക് ഭീകരൻ ഹാഫിസ് സയീദിന്റെ വസതിക്ക് മുന്നിൽ ബോംബ് സ്‌ഫോടനം നടത്തിയത് ഇന്ത്യയാണെന്ന് പാക് ആരോപണം. പാക് സുരക്ഷാ ഏജൻസികൾ അതീവ സുരക്ഷയൊരുക്കുന്ന മേഖലയിൽ ഉണ്ടായ സ്ഥോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2021 ജൂണിലായിരുന്നു സംഭവമുണ്ടായത്.
ഹാഫിസ് സയീദിന്റെ ലാഹോറിലെ ജൗഹർ ടൗൺ വസതിക്ക് പുറത്ത് നടന്ന സ്‌ഫോടനത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. 'ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്,' സ്‌ഫോടനത്തെ പരാമർശിച്ച് ആഭ്യന്തര മന്ത്രി പറഞ്ഞു. പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) അഡീഷണൽ ഇൻസ്‌പെക്ടർ ജനറൽ ഇമ്രാൻ മെഹ്മൂദിനൊപ്പമാണ് മന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. പാകിസ്ഥാനിലെ നിരോധിത സംഘടനയായ തെഹ്രീകെ താലിബാനെ (ടിടിപി) ഇന്ത്യ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനിൽ ഭീകരവാദം പ്രചരിപ്പിക്കാൻ ഇന്ത്യയിലൂടെ ഒരു മില്യൺ ഡോളറിന്റെ ഭീകര ധനസഹായം എത്തിയതായി തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ലാഹോറിലെ അതീവ സുരക്ഷാ കോട് ലഖ്പത് ജയിലിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഹാഫിസ് സയീദ് ഇപ്പോൾ. യുഎൻ സെക്യൂരിറ്റി കൗൺസിൽ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുമുണ്ട്.