
രാജ്യത്തെ വാണിജ്യ ബാങ്കുകൾ കിട്ടാക്കടമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10 ലക്ഷം കോടിയിൽപ്പരം രൂപ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് ധനസഹമന്ത്രി ഭഗവത് കാരാട് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ് തിരിച്ചുപിടിക്കാനായത്. എന്നാൽ ആരെല്ലാമാണ് ഇത്തരത്തിൽ ബാങ്കുകളെ കബളിപ്പിച്ചതെന്നതിന് വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. വായ്പാ തിരിച്ചടവ് കുടിശ്ശിക വരുത്തിയ 25 പേരുടെ വിവരമാണ് സഭയിൽ തേടിയത്. റിസർവ് ബാങ്ക് ചട്ടങ്ങൾപ്രകാരം ഇവരുടെ പേര് പുറത്തുവിടാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1.65 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണൽ ബാങ്കാണ്. ഇക്കാലയളവിൽ പിഎൻബി 59,807 കോടി രൂപ എഴുതിത്തള്ളി. 2022 സാമ്പത്തിക വർഷത്തിൽ 19,666 കോടി രൂപയും 2021 സാമ്പത്തിക വർഷത്തിൽ 34,402 കോടി രൂപയും 2020 സാമ്പത്തിക വർഷത്തിൽ 52,362 കോടി രൂപയും 2019 സാമ്പത്തിക വർഷത്തിൽ 58,905 കോടി രൂപയും എസ്ബിഐ എഴുതിത്തള്ളി. ഐഡിബിഐ ബാങ്ക് കഴിഞ്ഞ നാല് വർഷത്തിനിടെ മൊത്തം 33,135 കോടി രൂപ എഴുതിത്തള്ളി, ഈ സാമ്പത്തിക വർഷത്തിൽ 2,889 കോടി രൂപ എഴുതിത്തള്ളി.
എഴുതിത്തള്ളിയാലും ഒഴിവാക്കില്ല
ബാങ്കുകൾ കോടികൾ എഴുതിത്തള്ളി എന്ന് പറയുമ്പോഴും പണം കടം വാങ്ങിയവർ സന്തോഷിക്കേണ്ടതില്ല. ബാങ്കുകൾ അവരുടെ ബാലൻസ് ഷീറ്റ് വൃത്തിയാക്കുന്നതിനും നികുതി ആനുകൂല്യം നേടുന്നതിനുമാണ് കിട്ടാക്കടം എഴുതിത്തള്ളുന്നത്. വായ്പകൾ എഴുതിത്തള്ളിയാലും കടം വാങ്ങുന്നവർ തിരിച്ചടവിന് ബാദ്ധ്യസ്ഥരായിരിക്കും. എഴുതിത്തള്ളിയ ലോൺ അക്കൗണ്ടുകളിൽ കടം വാങ്ങുന്നയാളിൽ നിന്ന് കുടിശ്ശിക വീണ്ടെടുക്കുന്ന പ്രക്രിയ ബാങ്ക് തുടരുകയും ചെയ്യും. അതിനാൽ കിട്ടാക്കടം എഴുതിത്തള്ളുന്നത് കടം വാങ്ങുന്നയാൾക്ക് ഗുണം ചെയ്യുകയില്ല.
കിട്ടാക്കടം എഴുതിത്തള്ളിയാലും സിവിൽ കോടതികളിലും, ട്രൈബ്യൂണലുകളിലും പരാതി സമർപ്പിച്ച് ബാങ്ക് നടപടികൾ തുടരും. ഇത്തരത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്ന് 1,32,036 കോടി രൂപ തിരിച്ച് പിടിച്ചിട്ടുമുണ്ട്.