
ആലപ്പുഴ: മാവേലിക്കരയിൽ യുവതിയെ ദുർമന്ത്രവാദത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നൂറനാട് പുതുവച്ചാൽത്തറയിൽ അനീഷിന്റെ ഭാര്യ ഫാത്തിമയെയാണ് മന്ത്രവാദത്തിനിരയായത്. കേസിൽ അനീഷ്, ഇയാളുടെ ബന്ധുക്കളായ താമരക്കുളം സൗമ്യ ഭവനത്തിൽ ഷാഹിന, താമരക്കുളം സൗമ്യ ഭവനത്തിൽ ഷിബു, മന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ , കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ ഇമാമുദീൻ, പുനലൂർ തിങ്കൾക്കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ എന്നിവരാണ് പിടിയിലായത്.
യുവതിയ്‌ക്ക് 'ജിന്ന്' ബാധിച്ചെന്നും അത് ഒഴിപ്പിക്കാനെന്നും പറഞ്ഞായിരുന്നു പ്രതികൾ മന്ത്രവാദം നടത്തിയത്. ഫാത്തിമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അന്തവിശ്വാസിയായ അനീഷ് ഭാര്യയുടെ ദോഷം മാറാനെന്ന് പറഞ്ഞ് വീട്ടിലുള്ള സമയങ്ങളിലെല്ലാം കൂടെ നടന്ന് മന്ത്രങ്ങൾ ചൊല്ലുകയും ഓതുകയും ചെയ്തിരുന്നു.
ജിന്നിനെ ഒഴിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ് മന്ത്രവാദം തുടങ്ങി. യുവതി എതിർത്തപ്പോൾ പ്രതികൾ കെട്ടിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. പ്രതികൾ ഫാത്തിമയെ വാൾ ഉപയോഗിച്ച് മുറിപ്പെടുത്താൻ വരെ ശ്രമിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഫാത്തിമയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് പ്രതികൾ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മൂന്ന് തവണ മന്ത്രവാദം നടത്തി. ഈ മാസം പതിനൊന്നിനാണ് മൂന്നാമതായി മന്ത്രവാദം നടത്തിയത്. മർദനത്തെതുടർന്ന് അവശയായ യുവതി, ഒടുവിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ടെക്‌നോപാർക്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി നോക്കുകയാണ് യുവതി.