അന്താരാഷ്ട്രതലത്തില്‍ എന്നും ചര്‍ച്ച ആകുന്ന ഒന്നാണ് ഇന്ത്യയുടെ വിപണി ഇടപാടുകള്‍. എല്ലാ രാജ്യങ്ങളോടും വളരെ കൃത്യതയോടെയും തന്മയത്വത്തോടെയും ഉള്ള ഇന്ത്യന്‍ പെരുമാറ്റവും വിനിമയ മികവും എക്കാലവും വലിയ പ്രാധാന്യം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ രൂപയെ വിനിമയ കറന്‍സിയാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വിജയത്തിലേക്ക് എന്നുള്ളതാണ് ഈ മേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഡോളറിനെതിരെ നിരന്തരം രൂപയുടെ മൂല്യം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്താരാഷ്ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടിന് രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലേക്ക് ഇതിനോടകം മാറ്റി കഴിഞ്ഞു ഇന്ത്യയുടെ ശ്രമം പടിപടിയായി വിജയിക്കുകയാണ്. ഇപ്പോള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും 3035 രാജ്യങ്ങള്‍ ഇടപാടുകള്‍ ഇന്ത്യ രൂപയില്‍ നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ എന്നീ അയല്‍രാഷ്ട്രങ്ങളും രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോളറിലുള്ള കടുത്ത ക്ഷാമം ഈ രാജ്യങ്ങളും നേരിടുന്നുണ്ട്. റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഡോളറിനോ റൂബിളിനോ പകരം രാജ്യം ഇന്ത്യന്‍ രൂപയാണ് ഉപയോഗിക്കുന്നത്. ഇതിനായി ഇന്ത്യയിലെ ബാങ്കുകളില്‍ റഷ്യന്‍ ബാങ്കുകളുടെ ഒന്‍പത് വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചു കഴിഞ്ഞു. റഷ്യയിലെ പ്രധാന ബാങ്കുകളായ സ്‌പെര്‍ ബാങ്ക്, വിടിബി ബാങ്ക്, ഗാസ് പ്രോ ബാങ്ക് എന്നിവയുംമായാണ് ഇടപാട് നടത്തുന്നത്. ഇത് പ്രകാരം ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ ആ അക്കൗണ്ട് ഒരു വോസ്‌ട്രോ അക്കൗണ്ടായി കണക്കാക്കും.
