ms

ഞായറാഴ്ചത്തെ ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് പ്രഖ്യാപിച്ച് മെസി

ദോഹ : ഡീഗോ മറഡോണയ്ക്ക് ശേഷം ലോകകപ്പിൽ മുത്തം വയ്ക്കുന്ന അർജന്റീനാ നായകനായി ലയണൽ മെസി മാറുന്ന സുവർണമുഹൂത്തം ഞായറാഴ്ച ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇതൾ വിരിയുന്നതിന് കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. ഇത് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന മെസിയുടെ ഇന്നലത്തെ പ്രഖ്യാപനത്തോടെ ഞായറാഴ്ചത്തെ ഫൈനൽ ആവേശക്കൊടുമുടിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ രാത്രി ക്രൊയേഷ്യയ്ക്ക് എതിരായ സെമിഫൈനലിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടുകയും മനോഹരമായ ഡ്രിബിളിംഗ് പാടവത്തിലൂടെ മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് 35കാരനായ മെസി അർജന്റീനയെ ഫൈനലിലെത്തിച്ചിരുന്നു. മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കായിരുന്നു കഴിഞ്ഞ ലോകകപ്പിലെ നേർക്കുനേർ പോരാട്ടത്തിലെ പരാജയത്തിന് മെസിയും സംഘവും ക്രൊയേഷ്യയോട് പകരം ചോദിച്ചത്. ജൂലിയാൻ അൽവാരസാണ് അർജന്റീനയ്ക്കായി രണ്ടു ഗോളുകൾ നേടിയത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഫൈനലിൽ മെസിപ്പട നേരിടേണ്ടത്. ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് കലാശക്കളിക്ക് കൊടിയേറുന്നത്.

5

ഗോളുകളടിച്ചു മെസി ഈ ലോകകപ്പിൽ. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ ഒപ്പമുണ്ട്.മൂന്ന് അസിസ്റ്റുകളും മെസി നൽകിയിട്ടുണ്ട്.

11

ഗോളുകളുമായി ലോകകപ്പുകളിലെ അർജന്റീനയുടെ ആൾ ടൈം ടോപ് സ്കോററായി മെസി.

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയാണ് മറികടന്നത്

അർജന്റീനയുടെ മിശിഹ

171 മത്സരങ്ങളിൽ അർജന്റീനയുടെ കുപ്പായമണിഞ്ഞ് 96 ഗോളുകൾ മെസി നേടിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് മെസി. അന്താരാഷ്ട്ര ഗോൾവേട്ടയിൽ മൂന്നാം സ്ഥാനക്കാരനും ഇപ്പോഴും കളത്തിലുള്ള താരങ്ങളിൽ രണ്ടാം സ്ഥാനക്കാരനുമാണ്.

ഇനിയൊരു ലോകകപ്പ് വർഷങ്ങൾക്ക് അപ്പുറത്താണ്.അതിൽ

കളിക്കാൻ എനിക്ക് കഴിയണമെന്നില്ല- ലയണൽ മെസി