gold-smuggling

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്‌പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇന്റലിജൻസ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 1.28 കോടി രൂപയുടെ അനധികൃത സ്വർണം പിടികൂടി.

മൂവരിൽ നിന്നുമായി 3261 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നുവന്ന മലപ്പുറം സ്വദേശി സാദ്ദിക്കിൽനിന്ന് 1015.80 ഗ്രാം സ്വർണവും അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അഹമ്മദിൽനിന്ന് 1066.21 ഗ്രാം സ്വർണവും അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി റിയാസിൽനിന്ന് 1179.55 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മൂവരും നാല് കാപ്‌സ്യൂളുകളാക്കി സ്വർണം ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു.
നെടുമ്പാശേരിവഴി കൂടുതൽ കള്ളക്കടത്തിന് സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സംയുക്തമായ പരിശോധന നടത്തിയത്.