കൊച്ചി: ഡിസംബർ മുതലേ സ്വർണ വിലയിൽ കുതിപ്പ് തുടങ്ങിയതോടെ പുതുവർഷത്തിൽ സ്വർണ വിലയിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് വിദഗ്ദ്ധർ.
ഡിസംബർ 10, 11 തീയതികളിലെ ഒരു പവന്റെ വിലയായ 39,920 രൂപയും ഒരു ഗ്രാമിന്റെ വിലയായ 4,980 രൂപയുമായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന നിരക്ക്. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും 5000 രൂപയ്ക്ക് മുകളിലായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വർണ വില.
ഡിസംബർ ആദ്യവാരംമുതൽ തന്നെ സ്വർണവിലയിൽ ഉയർച്ച പ്രകടമായിരുന്നു. ഡിസംബറിലെ ആദ്യ അഞ്ചു ദിവസങ്ങൾക്കുള്ളിൽ പവന് 840 രൂപയും ഗ്രാമിന് 105 രൂപയും ഉയർന്നിരുന്നു. കൂടാതെ സംസ്ഥാനത്ത് നവംബർ 17ന് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപ വർദ്ധിച്ച് 39,000 രൂപയായിരുന്നു. ഒരു ഗ്രാമിന് 75 രൂപ വർദ്ധിച്ച് 4875 രൂപയുമായിരുന്നു. ഇത് നവംബറിലെ ഏറ്റവും ഉയർന്ന വിലയാണ്.
മുൻപ് ഈ വർഷം മാർച്ച് 9 നാണ് സ്വർണവില 40,000 കടന്നത്. ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയും ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഡിസംബറിൽ ഇത് വരെ ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും വർദ്ധിച്ചു. രാജ്യാന്തര വിപണിയുടെ ചലനങ്ങൾക്കനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ വില ഉയരുന്നത്. യു. എസ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധനവിനെ സംബന്ധിച്ച അനിശ്ചിതത്വമാണ് വിലവർദ്ധനവിൽ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില നിലവാരത്തിലെ വ്യത്യാസങ്ങളും സ്വർണവില വർദ്ധനവിനെ സ്വാധീനിച്ചു.
അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിതമാകുന്നത് സ്വർണത്തിന് കുതിപ്പ് നൽകി. ഫെഡ് പലിശ കുറയുന്നത് സ്വർണത്തിന് ദീർഘകാല മുന്നേറ്റം നൽകുമെന്നാണ് പറയുന്നത്.
........................................
പുതുവർഷത്തിൽ സ്വർണ വിലയിൽ വലിയ വർദ്ധനവുണ്ടാകും. എന്നാൽ
വില വർദ്ധനവ് കേരള വിപണിയിൽ തണുത്ത പ്രതികരണമാണ് ഉളവാക്കിയത്.
അഡ്വ.എസ്.അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ, എ.കെ.ജി. എസ്. എം. എ