heavy-rasin

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പി. വൈകിട്ട് നാലിന് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട,​ ആലപ്പുഴ, കോട്ടയം, എറണാകുളം,​ തൃശൂർ,​ കോഴിക്കോട്,​ വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രതാ നിർദ്ദേശമില്ല. ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരള,​ കർണാടക,​ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 141.05 അടിയായി ഉയർന്നു. തേക്കടി മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതാണ് അണക്കെട്ടിലെ നീരൊഴുക്ക് കൂടാൻ കാരണം. ജലനിരപ്പ് 141 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുകയും അതുവഴി ജലനിരപ്പ് ഉയരുകയും ചെയ്താൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാടിന്റെ മുന്നറിയിപ്പ്.ഇന്ന് രാവിലെയോടെയാണ് അണക്കെട്ടിന്റെ ജലനിരപ്പ് 141 അടി പിന്നിട്ടത്. കഴിഞ്ഞദിവസം 511 ക്യുസെക്സ് വെള്ളമായിരുന്നു ഡാമിലേക്ക് ഒഴുകിയെത്തിയത്. രാത്രിയോടെ ഇത് 4261 ക്യുസെക്സ് ആയി കൂടി. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.