
പാട്ന: ബീഹാറിലെ സരൺ ജില്ലയിലെ ഛപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 17 പേർ മരിച്ചു. ചികിത്സയിലുള്ള നിരവധി പേരുടെ നില ഗുരുതരമാണ്. ഛപ്രയിലെ വിവിധ ഗ്രാമങ്ങളിലുള്ള ഷാപ്പുകളിൽ നിന്ന് മദ്യം കഴിച്ചവരാണ് രാത്രിയോടെ മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ദുരന്തത്തിൽ ആറു പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. നാല് മാസം മുമ്പ് ഇവിടയുണ്ടായ മദ്യ ദുരന്തത്തിൽ 12 പേർ മരിച്ചിരുന്നു.
മരണ കാരണം വിഷ മദ്യമാണെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം മദ്യ ദുരന്തത്തെത്തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം പരാജയമായിരുന്നെന്നും പൊലീസിന്റെയും കള്ളക്കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നും മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ തർകിഷോർ പ്രസാദ് ആരോപിച്ചു. ബീഹാർ സർക്കാരാണ് ദുരന്തത്തിന് കാരണമെന്നും തന്റെ ഗ്രാമത്തിൽ മാത്രം മൂന്ന് പേർ മരിച്ചെന്നും ബി.ജെ.പി എം.എൽ.എ ജനക് സിംഗ് ആരോപിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ വിഷമദ്യം കാരണം മരിക്കുന്നു. എന്നാൽ മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൊലീസ് സ്റ്റേഷനുകൾ വഴി സർക്കാർ പണം സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി എം.എൽ.എമാർ മദ്യപന്മാരെന്ന് നിതീഷ്
ബീഹാറിലെ ബി.ജെ.പി എം.എൽ.എമാർ മദ്യപന്മാരെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചു. മദ്യനിരോധനത്തെ ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ചോദ്യം ചെയ്തപ്പോഴാണ് നിതീഷ് ക്ഷുഭിതനായത്. മദ്യ നിരോധന നയത്തെ ന്യായീകരിച്ച് നിതീഷ് സംസാരിക്കുമ്പോൾ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. നിതീഷ് മാപ്പു പറയണമെന്നാവശ്യപ്പെട്ടു ബി.ജെ.പി അംഗങ്ങൾ ബഹളമുണ്ടാക്കിയപ്പോൾ ഭരണകക്ഷി അംഗങ്ങൾ മുഖ്യമന്ത്രിയെ അനുകൂലിച്ചു രംഗത്തെത്തി. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭാനടപടികൾ നിറുത്തിവച്ചു.