
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മദ്യവ്യവസായ രംഗത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളുളള മദ്യവ്യവസായത്തിലേക്ക് മുതൽമുടക്കാൻ ആര്യൻ ഖാൻ ഒരുങ്ങുന്നതായി വിവരം പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉണ്ടാകുന്നത്. 'അച്ഛൻ പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു മകൻ മദ്യ ഉപയോഗവും' എന്നാണ് സൈബർ ലോകം വിമർശിക്കുന്നത്.
ബണ്ടി സിംഗ്, ലെറ്റി ബ്ളഗോവ എന്നിവർക്കൊപ്പമാണ് ആര്യൻ പുതിയ ബിസിനസ് തുടങ്ങുന്നത്. ആരംഭത്തിൽ പ്രീമിയം വോഡ്‌ക ബ്രാൻഡും പിന്നാലെ മറ്റ്‌തരം മദ്യവും നിർമ്മിക്കാൻ ആര്യനും സുഹൃത്തുക്കൾക്കും പദ്ധതിയുണ്ട്. സ്ളാബ് വെഞ്ച്വർ എന്ന കമ്പനിയും ഇവർ തുടങ്ങി. 'നിലവിൽ ഇത്തരത്തിലൊരു സ്‌പേസ് ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു. സ്‌പേസ് ഉണ്ടെങ്കിൽ അവസരവും ഉണ്ട്' ആര്യൻ ഖാൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
താൻതന്നെ എഴുതിയ ഒരു പരമ്പരയിലെ സംവിധായകനും പ്രധാന താരമായും അരങ്ങേറ്റം കുറിയ്‌ക്കുമെന്ന് മുൻപ് ആര്യൻ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു. അഭിനയത്തിൽ താൽപര്യമില്ലെന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ അഭിനയരംഗത്തും ബിസിനസിലും ഒരുപോലെ കൈവയ്‌ക്കാൻ തന്നെയാണ് ആര്യന്റെ തീരുമാനം.