
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാളികപ്പുറം'. ചിത്രത്തിൽ മാളികപ്പുറത്തമ്മയുടെ ചരിത്രപശ്ചാത്തലം വിശദീകരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ശബ്ദവിവരണത്തിൽ മാളികപ്പുറത്തിന്റെ കഥ പറയുന്ന വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ഈ വിശദീകരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്.
'ഏട്ടാം നൂറ്റാണ്ടിന്റെ അവസാനം മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാക്കാന്മാരുടെ പരമ്പരയാണ് പന്തളം രാജവംശം. പന്തളത്തെത്തിയ പാണ്ഡ്യ രാജാക്കന്മാർ തങ്ങളുടെ പരദേവതയായ മധുര മീനാക്ഷിയെ മാളിക മുകളിൽവച്ച് ആരാധിക്കാൻ തുടങ്ങി. അത് പിന്നെ അവർക്ക് മാളികപ്പുറത്തമ്മയായി.' എന്നാണ് പുതിയ വീഡിയോയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു. എട്ടു വയസുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം'.
നവാഗതനായ വിഷ്‌ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന 'മാളികപ്പുറം' നിർമ്മിച്ചത് ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പളളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ്. അഭിലാഷ് പിളളയുടേതാണ് തിരക്കഥ.ദേവനന്ദ, ശ്രീപഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒപ്പം സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ പന്തളം കൊട്ടാരം അംഗങ്ങൾ സന്ദർശിച്ചത് മുൻപ് വാർത്തയായിരുന്നു.