rakhuram

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പങ്കുചേർന്നു. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്ന് ഇന്നലെ പുനരാരംഭിച്ച യാത്രയിലാണ് അദ്ദേഹം പങ്കെടുത്തത്.

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്നുവെന്നും വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാൻ മുന്നോട്ടു വരുന്ന ആളുകളുടെ എണ്ണം തങ്ങൾ വിജയിക്കും എന്നതിന്റെ സൂചനയാണന്നും രഘുറാം രാജനും രാഹുൽ ഗാന്ധിയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് കോൺഗ്രസ് കുറിച്ചു.

രഘുറാം രാജൻ അടുത്ത മൻമോഹൻ സിംഗായി സ്വയം വിഭാവനം ചെയ്യുന്നുവെന്ന് ബി.ജെ.പി പ്രതികരിച്ചു. കോൺഗ്രസ് നിയമിച്ച മുൻ ആർ.ബി.ഐ ഗവർണർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ചേരുന്നതിൽ അതിശയിക്കാനില്ല. അദ്ദേഹം സ്വയം അടുത്ത മൻമോഹൻ സിംഗായി വിഭാവനം ചെയ്യുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളിക്കളയണം. അത് അവസരവാദപരമാണെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ദിനത്തിൽ കാശ്മീരിൽ സമാപിക്കുന്ന യാത്രയിൽ ഇതുവരെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രശസ്തർ അണി ചേർന്നിട്ടുണ്ട്. ആക്ടിവിസ്റ്റ് മേധാ പട്കർ, നാംദേവ് ദാസ് ത്യാഗി, നടി സ്വര ഭാസ്‌കർ, ബോക്സർ വിജേന്ദർ സിംഗ് എന്നിവർ യാത്രയിൽ പങ്കെടുത്ത പ്രമുഖരാണ്.