ukraine

കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ഇന്നലെ പുലർച്ചെ നടന്ന ആക്രമണത്തിനിടെ ഇറാൻ നിർമ്മിതമായ 13 ഷഹീൻ ഡ്രോണുകൾ തങ്ങൾ വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിൻ അറിയിച്ചു.

യുക്രെയിന്റെ ഊർജ കേന്ദ്രങ്ങളെയാണ് റഷ്യ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഇന്നലത്തെ ആക്രമണത്തിൽ ഊർജ സംവിധാനങ്ങളൊന്നും തകർന്നില്ലെന്നും രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന ശക്തമായ ചെറുത്തുനില്പ് നടത്തിയെന്നും യുക്രെയിൻ അറിയിച്ചു. നാല് ജനവാസ കെട്ടിടങ്ങളിൽ ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ചെന്ന് കീവ് ഗവർണർ ഒലെക്സി കുലേബ പറഞ്ഞു. എന്നാൽ ആളപായമില്ല.

അതേ സമയം, ഒരു യു.എസ് പൗരൻ അടക്കം ജയിലിൽ കഴിഞ്ഞ 64 പേരെ റഷ്യ ഇന്നലെ യുക്രെയിന് കൈമാറി. അതിനിടെ, റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാൻ യുക്രെയിന് പേട്രീയറ്റ് എയർ ഡിഫൻസ് സിസ്റ്റം നൽകുമെന്ന് യു.എസ് അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.