
പേരാവൂർ: തൊഴിലുറപ്പ് ജോലിക്ക് പോയ വിധവയായ ദളിത് വീട്ടമ്മയ്ക്ക് തിരിച്ചുവന്നപ്പോഴേക്ക് വീട് നഷ്ടമായി. കണ്ണൂർ കൊളക്കാട് ഓടപ്പുഴ സ്വദേശി കാവളത്തിങ്കൽ എം.സി ഓമനയ്ക്കാണ് ബാങ്ക് ഓഫ് ബറോഡയുടെ ജപ്തി നടപടിയുടെ ഭാഗമായി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവം വീട്ടമ്മ ഇന്നലെയാണ് പുറംലോകത്തെ അറിയിച്ചത്.
വീട് നിർമ്മാണത്തിനായി 2015ൽ ബാങ്ക് ഓഫ് ബറോഡയുടെ നിടുംപുറംചാൽ ശാഖയിൽ നിന്ന് ഓമന രണ്ടുഘട്ടമായി എട്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. കുറച്ചു തുക മാത്രമെ പിന്നീട് അടക്കാൻ സാധിച്ചിട്ടുള്ളുവെന്ന് വീട്ടമ്മ പറഞ്ഞു. കുറിച്യ വിഭാഗത്തിൽപ്പെട്ട ഇവർ ലൈഫ് പദ്ധതി വഴി അനുവദിച്ച വീട് പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് അഞ്ചു സെന്റ് ഭൂമി പണയപ്പെടുത്തിയത്. ഭർത്താവിന്റെ മരണ ശേഷം മൂന്നു വർഷമായി തൊഴിലുറപ്പ് ജോലി ചെയ്താണ് ഓമനയും 22കാരനായ മകൻ മനുവും കഴിയുന്നത്.
മുതലും പലിശയും ഉൾപ്പെടെ പതിമൂന്ന് ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ കുടിശ്ശികയായത്. പൊലീസിന്റെ സഹായത്തോടെ ചൊവ്വാഴ്ച വീട്ടിലെത്തിയ ബാങ്ക് അധികൃതർ വീട് താഴിട്ട് പൂട്ടുകയായിരുന്നു.
ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് ബാങ്ക് അധികൃതർ ഓമനയെ സന്ധ്യയോടെ ജ്പതിയുടെ പേരിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നാണ് പ്രദേശവാസികളും പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കളക്ടർ ഉൾപ്പെടെയുളളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടമ്മ. ഓമനയും മകനും ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
തൊഴിലുറപ്പ് പണി കഴിഞ്ഞ് വീട്ടിലെത്തിയ എന്നെയും മകനെയും ബലമായി ഇറക്കിവിടുകയായിരുന്നു. വസ്ത്രങ്ങൾ പോലും എടുക്കാൻ സമ്മതിച്ചില്ല.
- ഓമന,