
വീട് എന്നത് നമ്മുടെ ജീവിതത്തിൽ ഏറെ സമയം ചിലവഴിക്കുന്ന നമ്മുടെ ഹൃദയത്തിന്റെ ഒരുപങ്ക് നാം നൽകുന്ന ഇടമാണ്. അവിടെ ഓരോ മുറികൾക്കും അടിസ്ഥാനമുണ്ടാകണം. വീട്ടുടമസ്ഥരുടെ മുറിയായാലും കുട്ടികളുടെ മുറിയായാലും പൂജാമുറിയായാലും എന്തിന് വീട്ടിലേക്ക് വായുസഞ്ചാരത്തിനും വെളിച്ചം വരുന്നതിനും വരെ വാസ്‌തുശാസ്‌ത്ര പ്രകാരം നിബന്ധനകളുണ്ട്. ഇത്തരത്തിൽ ഒന്നാണ് വീട്ടിലെ കട്ടിലിന്റെ കാര്യം.
തെക്ക് പടിഞ്ഞാറ് ദിശയിലാകണം വീട്ടിലെ പ്രധാന കിടപ്പുമുറി. ഈ ദിശയിൽ കിടപ്പുമുറി വന്നാൽ ഐശ്വര്യവും സമൃദ്ധിയും വീട്ടിലുളളവർക്ക് ആരോഗ്യവുമുണ്ടാകുമെന്ന് വാസ്‌തുശാസ്‌ത്രത്തിൽ പറയുന്നുണ്ട്. ബെഡ്‌റൂമിൽ കട്ടിൽ എന്നതും കൃത്യമായ സ്ഥാനത്തും കൃത്യമായ തരത്തിലുളളതും ആകണം. ദമ്പതികളുടെ കിടപ്പുമുറിയിൽ കട്ടിൽ ഒറ്റകട്ടിലാകണം. രണ്ടെണ്ണം ചേർത്തുവച്ചതുപോലും ആകാൻ പാടില്ല. കാരണം ഒറ്റകട്ടിൽ ദമ്പതികളുടെ മാനസികമായ ഐക്യത്തിനെയും സൂചിപ്പിക്കുന്നു. കട്ടിൽ ഇരുമ്പോ ലോഹമോ കൊണ്ടുളളതാകാൻ പാടില്ല തടികൊണ്ടുളളത് തന്നെയാണ് ഉത്തമം. കട്ടിലിന്റെ ആകൃതിയും പ്രധാനമാണ്. വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ആകാൻ പാടില്ല കട്ടിൽ. ഇക്കാര്യം വീട്ടുടമകൾ പ്രത്യേകം ശ്രദ്ധിക്കണം.