
ആലപ്പുഴ: ബീച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നവജാത ശിശുക്കളെ മാറി നൽകിയതായി പരാതി. മൂന്ന് ദിവസം മുൻപ് പ്രസവിച്ച കുഞ്ഞുങ്ങളെയാണ് മാറി നൽകിയത്. തത്തംപള്ളി, വെള്ളക്കിണർ സ്വദേശികളുടെ കുട്ടികളെയാണ് പരസ്പരം മാറി നൽകിയത്.
പ്രസവശേഷം മഞ്ഞയുടെ പ്രശ്നം ഉള്ളതിനാൽ രണ്ട് കുഞ്ഞുങ്ങളേയും ഐസിയുവിൽ ലെെറ്റടിപ്പിക്കാനായി കൊണ്ടു പോയിരുന്നു. ഇവിടെ കിടത്തിയ ശേഷം ബന്ധുക്കൾക്ക് തിരികെ നൽകിയപ്പോളാണ് കുഞ്ഞുങ്ങൾ മാറിപ്പോയത്. തന്നംപള്ളി സ്വദേശിനിയുടെത് പെൺകുഞ്ഞും വെള്ളക്കിണർ സ്വദേശിനിയുടെ ആൺ കുഞ്ഞുമായതിനാലാണ് ബന്ധുക്കൾക്ക് കുട്ടിയെ മാറിയ കാര്യം തിരിച്ചറിയാൻ സാധിച്ചത്.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏൽപിച്ചതെന്നും സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.