
മലപ്പുറം: പത്ത് വർഷത്തിനിടെ മൂന്ന് വ്യത്യസ്ത പോക്‌സോ കേസുകളിൽ അറസ്റ്റിലായയാൾക്ക് ഇപ്പോഴും അദ്ധ്യാപക ജോലി. വള്ളിക്കുന്ന് പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് (54) ഇപ്പോഴും അദ്ധ്യാപക ജോലിയിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാത്തത്.
2012ൽ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾക്കെതിരെയുള്ള ആദ്യ പോക്‌സോ കേസ്. 56 കുട്ടികളെ പീഡിപ്പിച്ചെന്ന കേസ് ഇരയായ കുട്ടികളുടെ മൊഴികളിലെ വൈരുദ്ധ്യം കാരണം തള്ളിപ്പോയിരുന്നു. 2019ൽ കരിപ്പൂർ സ്റ്റേഷൻ പരിധിയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ വച്ച് രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന കേസിൽ വീണ്ടും അറസ്റ്റിലായി. 2021ൽ താനൂർ ഗവ. സ്‌കൂളിൽ പഠിപ്പിക്കുമ്പോൾ മറ്റൊരു പോക്‌സോ കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. ഈ രണ്ട് കേസുകളും നിലവിലുണ്ട്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസുകളെടുത്തിട്ടുള്ളത്. എന്നാൽ ഇയാൾ ഇരകളെ സ്വാധീനിച്ച് മൊഴിമാറ്റുന്നതായും പല സ്‌കൂളുകളിലും അദ്ധ്യാപന ജോലിയിലേർപ്പെടുന്നതായും കാണിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം കേസുകളിൽ പെടുന്നവരെ സ്ഥിരമായി അദ്ധ്യാപക ജോലിയിൽ നിന്ന് മാറ്റിനിറുത്താൻ സംവിധാനമില്ലാത്തതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .