gandhi

ന്യൂയോർക്ക്:ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസും ചേർന്നാണ് പ്രതിമയുടെ അനാച്ഛാദനം നിർവഹിച്ചത്. യു.എൻ ജനറൽ അസംബ്ലി 77ാം സെഷന്റെ പ്രസിഡന്റ് ചാബാ കൊറോഷി, യു.എന്നിലെ ഇന്ത്യൻ അംബാസഡർ രുചിര കംബോജ്, യു.എൻ സുരക്ഷാ സമിതി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആസ്ഥാന മന്ദിരത്തിലെ നോർത്ത് ലോൺ ഭാഗത്താണ് പ്രതിമ സ്ഥാപിച്ചത്. ഇതാദ്യമായാണ് യു.എൻ ആസ്ഥാനത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. യു.എൻ സുരക്ഷാ സമിതിയിൽ ഡിസംബർ മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ അലങ്കരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിമ രാജ്യത്തിന്റെ സമ്മാനമായി യു.എന്നിന് സമർപ്പിച്ചിരിക്കുന്നത്.

ഗുജറാത്തിലെ ഏകതാ പ്രതിമ നിർമ്മിച്ച പദ്‌മ ശ്രീ ജേതാവായ പ്രമുഖ ശില്പി റാം സുതർ ആണ് ഈ ഗാന്ധി പ്രതിമയ്ക്കും പിന്നിൽ. ചൊവ്വാഴ്ച ന്യൂയോർക്കിലെത്തിയ ജയശങ്കർ യു.എൻ സുരക്ഷാ സമിതിയുടെ രണ്ട് നിർണായക യോഗങ്ങളിലും പങ്കെടുക്കും. 15 അംഗ സമിതിയിൽ രണ്ട് വർഷം നീണ്ട ഇന്ത്യയുടെ കാലാവധി ഈ മാസം അവസാനിക്കും.