
ദുബായ്: അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവറിൽ നിന്ന് സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. യു എ ഇ വെെസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ വിവരം പങ്കുവച്ചത്.
' ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 440,000 കിലോമീറ്റർ അകലെ നിന്ന്, റാഷിദ് റോവർ ബഹിരാകാശ കേന്ദ്രമായ അൽ ഖവാനീജിലേയ്ക്ക് ആദ്യ സന്ദേശം അയച്ചു' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടാതെ റാഷിദ് റോവറിന്റെ എല്ലാ ഉപകരണങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും വരും മാസങ്ങളിൽ അത് ലാൻഡിംഗിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ തുടങ്ങുമെന്നും ദുബായ് ഭരണാധികാരി അറിയിച്ചു.
من على بعد 440 ألف كيلومتر من سطح الأرض .. أرسل المستكشف راشد قبل قليل أول رسالة لمركز الفضاء بالخوانيج .. جميع أجهزة وأنظمة المستكشف تعمل بشكل سليم .. وبدأ بدخول مدار القمر تمهيداً للهبوط خلال الأشهر القادمة باذن الله ..
— HH Sheikh Mohammed (@HHShkMohd) December 14, 2022
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ ഗവേഷകർ നിർമ്മിച്ച 'റാഷിദ് " എന്ന റോവറിനെ ചന്ദ്രനിലിറക്കാനാണ് പദ്ധതി. ചന്ദ്രന്റെ വടക്ക് ഭാഗത്തുള്ള അറ്റ്‌ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ഇറക്കാൻ ഉദ്ദേശിക്കുന്നത്. 2023 ഏപ്രിലോടെ നാല് വീലുകളും 10 കിലോ ഭാരവുമുള്ള റോവർ ചന്ദ്രനിലിറങ്ങും. ദൗത്യം വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. യു.എസ്, റഷ്യ, ചൈന എന്നിവരാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തുമിന്റെ പേരാണ് റോവറിന് നൽകിയിരിക്കുന്നത്. ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം, ശിലകൾ, പൊടി, ചന്ദ്രന്റെ ഫോട്ടോ ഇലക്ട്രോൺ കവചം തുടങ്ങിയ റാഷിദ് റോവർ പഠന വിധേയമാക്കും. രണ്ട് ഹൈ റെസലൂഷൻ കാമറകളും ഒരു മൈക്രോസ്കോപ്പിക് കാമറയും തെർമൽ ഇമേജിംഗ് കാമറയും റാഷിദിൽ ഘടിപ്പിച്ചിട്ടുണ്ട്.