sreyas

ചിറ്റഗോംഗ്: ബംഗ്ളാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം ശരിക്കും ഭാഗ്യവാനായിരുന്നു ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ. രണ്ട് തവണ ക്യാച്ച് നഷ്‌ടമാക്കി ബംഗ്ളാദേശ് താരങ്ങൾ ശ്രേയസിനെ സഹായിച്ചപ്പോൾ ഒരിക്കൽ വിക്കറ്റിൽ കൊണ്ട പന്ത് ഔട്ടാകാതെ രക്ഷപ്പെട്ടു. ഉപനായകൻ ചേതേശ്വർ പൂജാരയ്‌ക്കൊപ്പം ഇന്ത്യയ്‌ക്ക് ഉറച്ച അടിത്തറ നൽകുന്ന ഇന്നിംഗ്സ് കളിക്കവെ ഇബാദത്ത് ഹൊസൈനെറിഞ്ഞ പന്ത് ശ്രേയസിനെ കടന്ന് സ്‌റ്റമ്പിൽ ഉരസി പോയി. ബെയിൽസ് ഇളകുകയും ലൈറ്റ് കത്തുകയും ചെയ്‌തു എന്നാൽ ഇളകി വീഴാത്തതിനാൽ ഔട്ടായില്ല. സംഭവത്തിൽ ബംഗ്ളാദേശ് താരങ്ങൾ അമ്പരന്നു.

ഇന്ന് ആദ്യമായല്ല ശ്രേയസ് ഇന്നത്തെ ടെസ്‌റ്റിൽ ഔട്ടാകാതെ രക്ഷപ്പെടുന്നത്. ഷാക്കിബ് അൽ ഹസന്റെ പന്തിൽ ശ്രേയസിന്റെ ലേറ്റ് കട്ട് കീപ്പർ പിടിക്കാതെ നഷ്‌ടപ്പെടുത്തിയതാണ് ആദ്യത്തേത്. അർദ്ധസെഞ്ചുറി നേടിയയുടൻ മെഹ്‌ദി ഹസന്റെ പന്ത് ഉയർത്തിയടിച്ചു എന്നാൽ ഇബാദോത്ത് ഹൊസൈൻ എളുപ്പം പിടിക്കാവുന്ന ക്യാച്ച് നഷ്‌ടപ്പെടുത്തി.

ഒന്നാംദിനം കളിയവസാനിക്കെ 82 റൺസുമായി ശ്രേയസ് ക്രീസിലുണ്ട്. ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 278 റൺസ് നേടി. ശ്രേയസിനൊപ്പം ഉറച്ച ഇന്നിംഗ്സ് കളിച്ച പൂജാര 90 റൺസെടുത്ത് പുറത്തായി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. രാഹുൽ (22),ഗിൽ (20), കൊഹ്‌ലി(1), പന്ത് (46), അക്‌സർ പട്ടേൽ (14) എന്നിവരുടെ വിക്ക‌റ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. കളി തീരാനുള‌ള അവസാന പന്തിലാണ് അക്‌സർ‌ പുറത്തായത്. ബംഗ്ളാദേശിനായി തയ്‌ജുൽ ഇസ്ളാം 84 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

An incredible moment on Day 1. pic.twitter.com/WpxZYsL3SD

— Johns. (@CricCrazyJohns) December 14, 2022