
തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് 4060 കോടിയുടെ അധിക വായ്പയ്ക്ക് കേന്ദ്ര ഇന്റേണൽ ഡെബിറ്റ് മാനേജ്മെന്റ് വകുപ്പ് അനുമതി നൽകി. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.ഇതോടെ,
ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന് വായ്പയെടുക്കാവുന്ന തുക 23539 കോടിയായി വർദ്ധിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബി.ലാഭത്തിലാവുകയും, പാരമ്പര്യേതര ഊർജ്ജ ഉൽപാദനത്തിൽ വൻ കുതിപ്പ് നടത്തുകയും ചെയ്തു. കെ.എസ്.ഇ.ബി.ചെയർമാനായി ഡോ.ബി. അശോക് ചുമതലയേറ്റെടുത്ത രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യവർഷത്തിൽ1400 കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ചു.കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ആദ്യമായാണ് കെ.എസ്.ഇ.ബി.ലാഭത്തിലെത്തുന്നത്.
വായ്പയെടുക്കൽ പരിധി വിട്ടെന്നും, വിവിധ പദ്ധതികളുടെ പേരിലെടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും വാദിച്ച്, സംസ്ഥാനത്തിന്റെ കടമെടുപ്പിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇതുമൂലം, ഈ സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെ 17969 കോടിയായി വായ്പാ പരിധി വെട്ടിക്കുറച്ചിരുന്നു.
വായ്പെടുക്കാൻ 2000 കോടിരൂപ മാത്രമാണ് സംസ്ഥാനത്തിന് ശേഷിച്ചിരുന്നത്.
അതേസമയം, സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് പിന്നാക്കം പോകാനുള്ള കെ.എസ്.ഇ.ബിയിലെ ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നത് കുരുക്കാവുമോയെന്ന് ആശങ്കയുണ്ട്. സ്മാർട്ട് മീറ്റർ പരിഷ്ക്കരണത്തിൽ സംസ്ഥാന നിലപാട് അറിയിക്കാനുള്ള സമയം ഇന്നവസാനിക്കും