
ന്യൂയോർക്ക് : 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. യു.എസ്.എ ടുഡേയും സഫോക് യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ എതിരാളി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ആണെങ്കിൽ ട്രംപിന് അതിജീവിക്കാനാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. സർവേയിൽ ഡിസാന്റിസിനേക്കാൾ 23 പോയിന്റെ പിന്നിലാണ് ട്രംപ്. ജൂലായിൽ നടത്തിയ ഒരു സർവേയിൽ 60 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ ട്രംപ് വീണ്ടും പ്രസിഡന്റാകണമെന്ന് പറഞ്ഞു. ഒക്ടോബറിൽ ഇത് 56 ശതമാനമായി കുറഞ്ഞു. ഇപ്പോഴിത് 47 ശതമാനം മാത്രമാണ്. ട്രംപ് വീണ്ടും പ്രസിഡന്റാകരുതെന്ന് 45 ശതമാനം പേർ ആഗ്രഹിക്കുന്നു. അതേ സമയം, ട്രംപ് വേണോ ഡിസാന്റിസ് വേണോ എന്ന ചോദ്യത്തിന് 33 ശതമാനം പേർ മാത്രമാണ് ട്രംപിനെ തിരഞ്ഞെടുത്തത്. ഡിസാന്റിസിനെ തിരഞ്ഞെടുക്കുന്നവരാകട്ടെ 56 ശതമാനമാണ്. ട്രംപും ബൈഡനും വീണ്ടും ഏറ്റുമുട്ടിയാൽ ബൈഡനാണ് സ്വീകാര്യതയെന്നും സർവേയിൽ സൂചിപ്പിക്കുന്നു. ട്രംപിനോട് മുഖം തിരിക്കുന്നുണ്ടെങ്കിലും ട്രംപിന്റെ നയങ്ങൾ പിന്തുടരുന്നതിനോട് പലരും യോജിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡിസാന്റിസ് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ ശക്തനായ എതിരാളിയായി മാറിയിരിക്കുകയാണ് ഡിസാന്റിസ്. ഇക്കഴിഞ്ഞ മിഡ് ടേം തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ഫ്ലോറിഡ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. ഡിസാന്റിസിന്റെ പ്രചാരണ പരിപാടികളിൽ ട്രംപ് പങ്കെടുത്തിരുന്നെങ്കിലും പലപ്പോഴായി ഡിസാന്റിസിനെ പരസ്യമായി പരിഹസിക്കുകയും മയാമിയിൽ നടന്ന പ്രചാരണ വേളയിൽ ഡിസാന്റിസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡിസാന്റിസ് മത്സരിച്ചാൽ അത് പാർട്ടിയേയും ഡിസാന്റിസിനേയും ദോഷം ചെയ്യുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. ഡിസാന്റിസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു കഴിഞ്ഞ മാസം ട്രംപ് പറഞ്ഞത്. 2019 ജനുവരിയിലാണ് ഡിസാന്റിസ് ഫ്ലോറിഡയുടെ 46ാം ഗവർണറായി അധികാരമേറ്റത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ചാർലി ക്രിസ്റ്റിനെതിരെ വൻ ഭൂരിപക്ഷം നേടിയാണ് 44 കാരനായ ഡിസാന്റിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഡിസാന്റിസിന് ജനപ്രീതി വർദ്ധിക്കുമ്പോൾ ട്രംപിന് അത് കുത്തനെ താഴുകയാണ്. സെനറ്റ് കൈവിട്ടതിൽ റിപ്പബ്ലിക്കൻമാർക്കിടെയിൽ ട്രംപിനെതിരെ അതൃപ്തിയുണ്ട്. ട്രംപ് അനുകൂലികളായ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതും പാർട്ടിക്ക് തിരിച്ചടിയായി. കാപിറ്റൽ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ട്രംപിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു.