covi

കൊച്ചി: മൃഗാശുപത്രിയിൽ നിന്ന് ഓടിപ്പോയ കണ്ടൻപൂച്ചയെ കണ്ടെത്താൻ സഹായിക്കണം. ഒരുപാട് സ്‌നേഹിച്ച് വളർത്തിയ പൂച്ചയാണ്. പരസ്യം നൽകി പൂച്ചയുടെ ഉടമ കാത്തിരിക്കുകയാണ്.

എറണാകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന വിനോദിന്റെ കോവി എന്ന നാടൻ പൂച്ചയാണ് കഴിഞ്ഞമാസം 25ന് ക്ലബ്ബ് റോഡിലെ മൃഗാശുപത്രിയിൽ നിന്ന് ഓടിപ്പോയത്. വിനോദ് പിന്നാലെ പോയെങ്കിലും അവൻ പിടികൊടുത്തില്ല. വീട്ടിലെ ഒരും അംഗത്തെപ്പോലെ കരുതിയ കോവിയുടെ തിരോധാനം കുടുംബാംഗങ്ങളെ വിഷമത്തിലാക്കി. അതാണ് പോസ്റ്റർ പരസ്യം നല്കാൻ കാരണമെന്ന് വിനോദ് പറഞ്ഞു.

രാമവർമ്മ ക്ലബ്ബ് പരിസരത്ത് ഒരു ചക്കിപ്പൂച്ചയുമായി കോവി ചുറ്റിത്തിരിയുന്നതായി വിവരം ലഭിച്ചെങ്കിലും അവിടെയെത്തിയപ്പോൾ കണ്ടെത്താനായില്ല. കൊവിഡ് കാലത്ത് കിട്ടിയ പൂച്ചക്കുട്ടിയായതുകൊണ്ടാണ് കോവി എന്ന് പേരിട്ടത്. ഇടയ്‌ക്കൊക്കെ നാടുചുറ്റാൻ പോകുന്ന ശീലക്കാരനായിരുന്നെങ്കിലും കൃത്യമായി വീട്ടിൽ തിരിച്ചെത്തുമായിരുന്നു. കൈവിട്ടുപോയ മൃഗാശുപത്രി പരിസരത്തുനിന്ന് കുമാരനാശാൻ നഗറിലെത്താൻ അവന് വഴി അറിയില്ലല്ലോ എന്ന ആശങ്കയിലാണ് വിനോദും കുടുംബവും.